കൊച്ചി: കേരളത്തിലെ യാത്രാദുരിതത്തിന് പ്രതിവിധിയായി മൂന്ന് ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പുനലൂർ – എറണാകുളം മെമു സർവ്വീസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകാതെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി പറഞ്ഞതായി കൊടിക്കുന്നിൽ സുരേഷ് എംപിയാണ് വ്യക്തമാക്കിയത്. കേരളത്തിലെ റെയിൽവേ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണുന്നതിനായാണ് എംപി റെയിൽ മന്ത്രിയെ കണ്ടത്.
കൊല്ലം എറണാകുളം റൂട്ടിലെ യാത്രദുരിതം പരിഹരിക്കാൻ അടിയന്തരമായി പുനലൂർ – എറണാകുളം റൂട്ടിൽ മെമു സർവ്വീസ് ആരംഭിക്കണം എന്നാണ് പ്രധാനമായും എംപി ആവശ്യപ്പെട്ടത്. ഈ റൂട്ടിൽ പുതിയ ട്രെയിൻ ആരംഭിക്കാം എന്ന് റെയിൽവേ മന്ത്രിയുടെ ഉറപ്പും ലഭിച്ചു. പുതിയ സർവ്വീസ് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ദക്ഷിണ റെയിൽവേയോട് അടിയന്തരമായി റിപ്പോർട്ട് തേടാൻ തീരുമാനിച്ചിട്ടുണ്ട്.
നിലവിൽ ദക്ഷിണ റെയിൽവേയുടെ പക്കൽ സർവ്വീസ് തുടങ്ങുവാൻ ആവശ്യമായ റേക്ക് ലഭ്യമല്ലാത്തതിനാൽ റേക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ ബോർഡിന് നിർദ്ദേശം നൽകും. എറണാകുളം ബെംഗളൂരു, താമ്പരം – കൊച്ചുവേളി റൂട്ടുകളിൽ വീക്കിലി എക്സ്പ്രസ് ട്രെയിൻ അനുവദിക്കണമെന്ന് എംപി ആവശ്യപ്പെട്ടപ്പോഴും അനുകൂല പ്രതികരണമാണ് ഉണ്ടായത്. രണ്ട് ട്രെയിനുകളും ഉടൻതന്നെ പ്രഖ്യാപിക്കാമെന്ന് മന്ത്രി അറിയിച്ചു.