കോട്ടയം : വീണ്ടും വിവാദ പ്രസംഗവുമായി പി.സി. ജോർജ്. ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ജാമ്യത്തിൽ കഴിയവെയാണ് ജോർജിൻ്റെ പുതിയ വിവാദ പ്രസംഗവുമെന്നത് ശ്രദ്ധേയം. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നാണ് ജോർജിന്റെ ആരോപണം. പാലായിൽ നടന്ന ലഹരി വിരുദ്ധ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടുവെന്നും 41 പേരെ മാത്രമാണ് തിരികെ കിട്ടിയതെന്നും പ്രസംഗത്തിൽ ജോർജ് പറഞ്ഞു. ക്രിസ്ത്യാനികൾ 24 വയസ്സിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണമെന്നും യാഥാർത്ഥ്യം മനസ്സിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും തുടർന്നുള്ള പ്രസംഗത്തിൽ പി.സി. ജോർജ് തൻ്റേതായ നിർദ്ദേശം മുന്നോട്ടു വെയ്ക്കുന്നുമുണ്ട്.
കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ടെന്നും പി.സി.ജോർജ്
പ്രസംഗത്തിൽ പറഞ്ഞു. ‘‘അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്’’ – ജോർജ് പറഞ്ഞു. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് ഒരു ചാനൽ ചർച്ചയിൽ പി.സി. ജോർജ് നടത്തിയ പരാമർശത്തിനെതിരെ ഈരാറ്റുപേട്ട പോലീസ് കേസെടുത്തത്. തുടർന്ന് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് പി.സി. ജോർജിന് ജയിലിൽ കഴിയേണ്ടിയും വന്നിരുന്നു. മതസ്പർധ വളർത്തൽ, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ആ കേസിൽ ജോർജിനെതിരെ ചുമത്തപ്പെട്ടിരുന്നത്.