[ Photo Courtesy : PTI ]
ജയ്പുർ : തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ആര്യൻ (5) തുറന്ന കുഴൽക്കിണറിൽ വീണത്. 48 മണിക്കൂർ പിന്നിടുമ്പോഴും 150 അടിയോളം താഴ്ചയിലാണ് ആര്യനുള്ളതെന്നാണ് രക്ഷാദൗത്യസേനയുടെ നിഗമനം. കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള അശ്രാന്തപരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. രാജസ്ഥാനിലെ ദൗസ ജില്ലയിലെ കാളിഖാഡ് ഗ്രാമവും പ്രാർത്ഥനയിലാണ്.
കുട്ടിയുടെ അരികിലേക്കെത്താൻ തൊട്ടടുത്ത് മറ്റൊരു കുഴി എടുത്തു കൊണ്ടിരിക്കുകയാണ് രക്ഷാദൗത്യസേന. ജയ്പൂരിലെ എസ്ഡിആർഎഫ്, അജ്മീർ എൻഡിആർഎഫ് എന്നിവിടങ്ങളിൽ നിന്നുള്ള രക്ഷാസംഘങ്ങളുടെ നേതൃത്വത്തിൽ പ്രാദേശിക വിദഗ്ധരും ചേർന്നാണ് രക്ഷാപ്രവർത്തനം. വെല്ലുവിളികള്‍ നിറഞ്ഞ രക്ഷാപ്രവർത്തനത്തിൽ വിശ്രമമില്ലാതെയാണ് സംഘം ദൗത്യം തുടരുന്നത്.
(ദൗസ ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ – Photo : PTI)
കിണറിലേക്കിറക്കിയ ക്യാമറയുടെ സഹായത്തോടെയാണ് രക്ഷാസേന കുട്ടിയുടെ നീക്കങ്ങൾ ഓരോ നിമിഷവും ശ്രദ്ധിക്കുന്നത്. മറുഭാഗത്ത്, പൈപ്പിലൂടെ മെഡിക്കൽ ഉദ്യോഗസ്ഥർ കുട്ടിക്ക് ഓക്സിജൻ നൽകുന്ന ശ്രമം തുടരുന്നു. 150 അടി താഴ്ചയിലേക്ക് മറ്റൊരു കുഴിയെടുക്കാനുള്ള ശ്രമത്തിനിടയിലും കുട്ടിയെ പുറത്തെടുക്കാൻ എൻഡിആർഎഫ് സംഘം പല താൽക്കാലിക മാർഗ്ഗങ്ങൾ പരീക്ഷിച്ചുവെങ്കിലും അതൊന്നും വിജയം കണ്ടില്ല.
വീട്ടിൽ നിന്ന് 100 അടി അകലെയുള്ള കുഴൽക്കിണറിൽ അമ്മയുടെ കൺമുന്നിൽ വെച്ചു തന്നെയാണ് ആര്യൻ വീണത്. മൂന്നുവർഷം മുമ്പ് വീട്ടുകാർ കുഴിച്ച കുഴൽക്കിണർ നിലവിൽ ഉപയോഗത്തിലുള്ളതല്ല. ദൗസ എം.എൽ.എ ഡി.സി.ബൈർവ, ജില്ലാ കളക്ടർ ദേവേന്ദ്ര കുമാർ എന്നിവർ രക്ഷാദൗത്യം ഏകോപിക്കാൻ സ്ഥലത്തുണ്ട്.