മലപ്പുറം: ജില്ലയിലെ പുളിക്കല്‍ പഞ്ചായത്തിൽ 59 വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് സ്കൂൾ അടച്ചു. പുളിക്കല്‍ അരൂര്‍ എ.എം.യു.പി സ്കൂളാണ് ജൂലൈ 29 വരെ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. കൂടുതൽ കുട്ടികളിലേക്ക് രോഗം പകരാതിരിക്കാനുള്ള മുന്‍കരുതലായാണ് വിദ്യാലയത്തിന് അവധി നല്‍കിയതെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
പുളിക്കല്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുകയാണ്. അരൂരും പരിസരപ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ ഏറെയുള്ളത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 102 പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 76 പേര് അരൂര്‍ മേഖലയിലുള്ളവരാണ്.
സമീപ പഞ്ചായത്തുകളായ ചെറുകാവിലും പള്ളിക്കലും കൊണ്ടോട്ടി നഗരസഭ പ്രദേശങ്ങളിലും നേരത്തേ മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് തുടര്‍ച്ചയായാണ് പുളിക്കല്‍ പഞ്ചായത്തിലേയും രോഗ വ്യാപനമെന്ന് സംശയിക്കുന്നു.