കൊച്ചി: ഒരു രൂപ നോട്ടിന് 75 വയസ്സ് തികഞ്ഞു. 1949 ഓഗസ്റ്റ് 12ന് ആയിരുന്നു കേന്ദ്ര ധനമന്ത്രാലയം ഒരു രൂപ നോട്ട് പുറത്തിറക്കിയത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കറൻസി നോട്ടും ആ ഒറ്റരൂപ നോട്ട് ആണ്. കേന്ദ്ര സർക്കാർ ആദ്യമായി പുറത്തിറക്കിയ ആ കറൻസി നോട്ടിൽ ഒപ്പിട്ടത് ഒരു മലയാളിയാണെന്നതും ശ്രദ്ധേയം. ആദ്യ കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന കെ.ആർ.കെ.മേനോൻ എന്ന കൊന്നനത്ത് രാമകൃഷ്ണമേനോൻ.
ഒരു രൂപ ഗ്രേ-ഗ്രീൻ ബാങ്ക് നോട്ടുകൾ അപൂർവ്വമായി കണക്കാക്കപ്പെടുന്നു, മുൻവശത്ത് കെ .ആർ.കെ. യുടെ ഒപ്പ്. മേനോനും അശോകസ്തംഭ തലസ്ഥാനവും സർക്കിളിൽ. മറുവശത്ത് ഒരു വൃത്തത്തിനുള്ളിൽ ഒരു പുഷ്പ ക്രമീകരണവും ഭാഷാ പാനലിൽ 8 ഇന്ത്യൻ ഭാഷകളുമുണ്ട്. അശോകസ്തംഭമാണ് വാട്ടർമാർക്ക്.
ഇന്ത്യയിലെ മറ്റെല്ലാ കറൻസി നോട്ടുകളിലും റിസർവ്വ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തുമ്പോൾ, ഒരു രൂപ നോട്ടിൽ ഇപ്പോഴും കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണുള്ളത്. കാരണം ഒരു രൂപയുടെ നോട്ട് മാത്രം കേന്ദ്ര ധനമന്ത്രാലയമാണു പുറത്തിറക്കുന്നത്. ഒരു രൂപയിലേറെ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാനുള്ള അധികാരമാണു റിസർവ്വ് ബാങ്കിനുള്ളത്.

മറ്റു നോട്ടുകളിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്തുന്ന സ്ഥാനത്ത്, ഒരു രൂപ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നു കാണാം. മറ്റു നോട്ടുകളിലുള്ള ‘I promise to pay’ എന്നു തുടങ്ങുന്ന സത്യവാങ്മൂലം ഈ നോട്ടിൽ ഇല്ല.
ഒരു നോട്ട് അച്ചടിക്കാൻ ഒരു രൂപയിലേറെ ചെലവു വന്നതോടെ 1994 ൽ രാജ്യത്ത് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ അച്ചടിച്ചെലവു കുറഞ്ഞപ്പോൾ 2015ൽ അച്ചടി പുനരാരംഭിച്ചു. മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969ൽ പുറത്തിറങ്ങിയ ഒരു രൂപ നോട്ടിൽ അദ്ദേഹത്തിന്റെ ചിത്രമുണ്ടായിരുന്നു. ആദ്യമായും അവസാനമായും ഒരു വ്യക്തിയുടെ ചിത്രം ഒരു രൂപ നോട്ടിൽ വന്നത് അന്നു മാത്രം.