തിരുവനന്തപുരം: കഴക്കൂട്ടത്ത് നിന്ന് 13കാരിയായ പെൺകുട്ടിയെ ചൊവ്വാഴ്ച രാവിലെ മുതൽ കാണ്‍മാനില്ല. അസം സ്വദേശിയും നിലവില്‍ കഴക്കൂട്ടത്ത് താമസിക്കുകയും ചെയ്യുന്ന അന്‍വര്‍ ഹുസൈന്റെ മകള്‍ തസ്മീത്ത് തംസത്തിനെയാണ് ചൊവ്വാഴ്ച രാവിലെ 10 മണി മുതല്‍ കഴക്കൂട്ടത്തെ വാടക വീട്ടില്‍ നിന്ന് കാണാതായത്. അയല്‍വീട്ടിലെ കുട്ടികളുമായി വഴക്ക് ഉണ്ടാക്കിയ കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട് വിട്ട് ഇറങ്ങിയത്. തുടര്‍ന്ന് മാതാപിതാക്കള്‍ കഴക്കൂട്ടം പൊലീസിനെ സമീപിക്കുകയായിരുന്നു.
ബാഗില്‍ വസ്ത്രങ്ങള്‍ എടുത്താണ് കുട്ടി പോയിരിക്കുന്നത്. ഒരു മാസം മുമ്പാണ് കുട്ടി കേരളത്തിലേക്ക് എത്തിയത്. ആസാമീസ് ഭാഷയല്ലാതെ മറ്റ് ഭാഷകളൊന്നും അറിയില്ല. ഇപ്പോള്‍ പ്രദേശത്ത് പൊലീസ് ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തിവരികയാണ്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497960113 എന്ന നമ്പറില്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും പൊലീസ് അറിയിച്ചു.
പെൺകുട്ടിയെ കണ്ടെത്തുന്നതിനായി തിരുവനന്തപുരം നഗരം കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടക്കുകകയാണ്. 15 കിലോമീറ്റര്‍ കേന്ദ്രീകരിച്ചാണ് പരിശോധന. പെണ്‍കുട്ടി നഗരം വിട്ടുപോകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഉച്ചയക്ക് 12 മണിവരെയുള്ള ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മൂന്ന് കിലോ മീറ്റർ ദുരത്തുനിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും പരിശോധന നടത്തുകയാണ്. തിരച്ചിലിനായി ആർപിഎഫിൻ്റെ സഹായവും പോലീസ് തേടിയിട്ടുണ്ട്. പാലക്കാട് ജംഗ്ഷനിലെത്തുന്ന എല്ലാ ട്രെയിനുകളും പരിശോധിക്കും. അരണോയ് എക്സപ്രസിൽ കോയമ്പത്തൂരിന് ശേഷമുള്ള പരിശോധന ആർപിഎഫ് നടത്തും.