(Picture Courtesy : ROME Reports )
വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കൽ മാത്രം തുറക്കുന്ന വിശുദ്ധ കവാടം തുറന്ന് ഫ്രാൻസിസ് മാർപാപ്പ. ഇതോടെ ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷാചരണത്തിന് തുടക്കമായി. ഇന്ത്യൻ സമയം രാത്രി 11.30 നായിരുന്നു വിശുദ്ധ കവാടം തുറക്കുന്ന ചടങ്ങ്.
2000-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ജൂബിലിക്ക് വേണ്ടിയുള്ള വിശുദ്ധ വാതിൽ അവസാനമായി തുറന്നത്.
ആചാരത്തിൻ്റെ ഉത്ഭവം മാർട്ടിൻ അഞ്ചാമൻ മാർപ്പാപ്പയിൽ നിന്നാണ്. 1423 ലെ അസാധാരണ ജൂബിലിക്ക് ലാറ്ററൻ ബസിലിക്കയിൽ പ്രവേശിക്കാൻ വിശുദ്ധ വാതിൽ തുറന്നു. സെൻ്റ് പീറ്റേഴ്സിൽ, 1450-ലെ ജൂബിലിക്കാണ് വിശുദ്ധവാതിൽ ആദ്യമായി തുറന്നത്. വിശുദ്ധ കവാടം ‘വിശുദ്ധം’ ആയി വിശ്വാസികൾ കണക്കാക്കപ്പെടുന്നതിന് കാരണം അതിലൂടെ പ്രവേശിക്കുന്ന എല്ലാവരേയും ജീവിത വിശുദ്ധിയിൽ നടക്കാൻ അത് വിളിക്കുന്നു എന്നതത്രെ.
ഡിസംബർ 29ന് കത്രീഡലുകളിലും, കോ- കത്രീഡലുകളിലും ബിഷപ്പുമാരുടെ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിച്ചുകൊണ്ടാണ് 2025ലെ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ജൂബിലി വർഷത്തോടനുബന്ധിച്ച് റോമിലെ റെബീബിയയിലെ ജയിലിലും ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതിൽ തുറക്കും. നാളെയാണ് ചടങ്ങ്. ഒരു കാരാഗൃഹത്തിൽ വിശുദ്ധവാതിൽ മാർപ്പാപ്പ തുറക്കുന്നത് ചരിത്രത്തിൽ ആദ്യമാണ്.
“വിശുദ്ധ വർഷത്തിൽ, എല്ലാവരെയും അഭിസംബോധന ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ സന്ദേശമായി ക്രിസ്തീയ പ്രത്യാശയുടെ വെളിച്ചം ഓരോ സ്ത്രീയെയും പുരുഷനെയും പ്രകാശിപ്പിക്കട്ടെ! എല്ലാ ഭാഗങ്ങളിലും ഈ സന്ദേശത്തിന് സഭ വിശ്വസ്ത സാക്ഷ്യം വഹിക്കട്ടെ” പാപ്പാ ലോകത്തിനായി പ്രാർത്ഥിച്ചു.
കർത്താവിൻ്റെ എപ്പിഫാനിയുടെ ആഘോഷമായ 2026 ജനുവരി 6 ന് വിശുദ്ധ വാതിൽ അടയ്ക്കുന്നതോടെ ഓർഡിനറി ജൂബിലി സമാപിക്കും.