ജനനം കൊണ്ട് മാത്രം വ്യക്തിയെ ഒരു മതത്തിൽ കെട്ടിയിടാനാവില്ല ; സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താം: ഹൈക്കോടതി

Date:

കൊച്ചി: സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്തുന്നതിന് പ്രത്യേക വ്യവസ്ഥയില്ലെങ്കിലും പുതിയ മതം സ്വീകരിച്ച സാഹചര്യത്തിൽ സർട്ടിഫിക്കറ്റ് തിരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് വി.ജി അരുൺ പറഞ്ഞു.

”സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കിൽ പോലും, ഒരു വ്യക്തിയെ അവന്റെ ജനനം കൊണ്ട് മാത്രം ഒരു മതത്തിൽ കെട്ടിയിടാൻ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനൽകുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാൾ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കിൽ, അവന്റെ രേഖകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തേണ്ടിവരും”- കോടതി പറഞ്ഞു.

ഹിന്ദു മാതാപിതാക്കളുടെ മക്കളായി ജനിച്ച ഹരജിക്കാർ 2017 മെയ് മാസത്തിലാണ് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തത്. സ്‌കൂൾ സർട്ടിഫിക്കറ്റിൽ മതം തിരുത്തി തരണമെന്ന് ആവശ്യമുന്നയിച്ച് പരീക്ഷാ കൺട്രോളറെയാണ് ഇവർ ആദ്യം സമീപിച്ചത്. എന്നാൽ സർട്ടിഫിക്കറ്റിൽ മതം തിരുത്താൻ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടി കൺട്രോളർ അപേക്ഷ നിരസിച്ചു. തുടർന്നാണ് ഇവർ ഹൈക്കോടതിയിലെത്തിയത്. നിലവിൽ വ്യവസ്ഥയില്ലെങ്കിൽ പോലും സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ട് എന്നായിരുന്നു ഹരജിക്കാരുടെ വാദം.

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം വ്യക്തികൾക്ക് ഇഷ്ടമുള്ള ഏത് മതവും ആചരിക്കാനും വിശ്വസിക്കാനും സ്വാതന്ത്ര്യമുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് കീഴിൽ പുതിയ മതം സ്വീകരിക്കുമ്പോൾ, മതം മാറുന്നത് സംബന്ധിച്ച് അവരുടെ രേഖകളിലും തിരുത്തലുകൾ വരുത്താൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി.

സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്താൻ വിസമ്മതിക്കുന്നത് ഹർജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അത്തരം കർക്കശമായ സമീപനം ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾക്ക് എതിരാണെന്നും കോടതി വ്യക്തമാക്കി.

സ്‌കൂൾ സർട്ടിഫിക്കറ്റുകളിൽ മതം മാറ്റം സംബന്ധിച്ച് തിരുത്തൽ വരുത്തണമെന്ന ഇവരുടെ അപേക്ഷ നിരസിച്ച പരീക്ഷാ കൺട്രോളറുടെ ഉത്തരവ് കോടതി റദ്ദാക്കി. ഇതനുസരിച്ച്, റിട്ട് ഹർജി അനുവദിക്കുകയും ഹരജിക്കാരുടെ സ്‌കൂൾ സർട്ടിഫിക്കറ്റിൽ മതം സംബന്ധിച്ച എൻട്രി തിരുത്താൻ പരീക്ഷാ കൺട്രോളർക്ക് കോടതി നിർദ്ദേശം നൽകി.

Share post:

Popular

More like this
Related

വയനാട് എൻ എം വിജയന്റെ ആത്മഹത്യ; മുൻകൂർ ജാമ്യം ലഭിച്ച കോൺ​ഗ്രസ് നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരാകും

കൽപറ്റ: എൻ.എം.വിജയന്‍റെ ആത്മഹത്യ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ ചോദ്യംചെയ്യലിന്...

‘കെസിഎ ഭാരവാഹികളുടെ ഈഗോ സ‍ഞ്ജുവിന്‍റെ കരിയര്‍ തകര്‍ക്കുന്നു’; ചാമ്പ്യൻസ് ട്രോഫി ടീം സെലക്ഷനിൽ  വിമര്‍ശനവുമായി ശശി തരൂര്‍

തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍...

ചെകുത്താന്‍റെ സ്വഭാവമുള്ള ഗ്രീഷ്മ ഷാരോണിന്‍റെ സ്നേഹത്തെക്കൂടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും...

ലഹരി വില്ലനായി ; താമരശ്ശേരിയിൽ മാതാവിനെ വെട്ടിക്കൊന്ന് മകൻ

കോഴിക്കോട് : താമരശ്ശേരിയിൽ മാതാവിനെ  വെട്ടിക്കൊലപ്പെടുത്തി മകൻ. അടിവാരം കായിക്കൽ മുപ്പതേക്ര...