പത്തനംതിട്ട: 56 വർഷം മുൻപ് റോഹ്താങ് ചുരത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം ജന്മനാടായ ഇലന്തൂരിൽ എത്തിച്ച ശേഷം ഉച്ചയ്ക്ക് പൂർണ്ണ സൈനിക ബഹുമതികളോടെ സംസ്കാരം കാരൂർ സെൻ്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് വലിയ പള്ളിയിൽ വെച്ച് നടന്നു. ധീര സൈനികന് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണ് ഇലന്തൂരിലെ വീട്ടിലേക്ക് ഒഴുകി എത്തിയത്.

പാങ്ങോട് സൈനിക ക്യാമ്പിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ രാവിലെ 10.30ഓടെയാണ് സൈനിക അകമ്പിയോടെ ഇലന്തൂരിലെ കുടുംബ വീട്ടിലെത്തിച്ചത്. പൊതുദർശനത്തിനും വീട്ടിലെ ചടങ്ങുകൾക്കും ശേഷം 12. 30 ഓടെ വിലാപയാത്രയായി ഇലന്തൂർ കാരൂർ സെന്‍റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ചു. പള്ളിയിലും പൊതു ദർശനത്തിന് അവസരമൊരുക്കിയിരുന്നു. തുടർന്ന് സംസ്‌കര ചടങ്ങുകൾ നടന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ വ്യോമസേന വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബന്ധുക്കളും ചേർന്നാണ് ഏറ്റുവാങ്ങിയത്.
1968 ഫെബ്രുവരി 7 ന്102 യാത്രക്കാരുമായി പോയ IAF AN-12 വിമാനം ചണ്ഡീഗഡിൽ നിന്ന് പറന്നുയർന്നതിന് ശേഷം റോഹ്താങ് ചുരത്തിന് സമീപമുണ്ടായ ദുരന്തത്തിലാണ് തോമസ് ചെറിയാനെ കാണാതായത്. ആർമിയിൽ ക്രാഫ്‌റ്റ്‌സ്‌മാനായ തോമസ് ചെറിയാന് അന്ന് 22 വയസായിരുന്നു. 1965ലാണ് തോമസ് ചെറിയാൻ സേനയിൽ ചേർന്നത്. വിമാനത്തിലുണ്ടായിരുന്ന 102 യാത്രക്കാരിൽ 96 പേരും പട്ടാളക്കാരായിരുന്നു
വിമാനം തകർന്ന് വീണ് 9 പേരുടെ മൃതദേഹങ്ങൾ മാത്രമാണ് അന്ന് കണ്ടെത്താനായത്. ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ പതിറ്റാണ്ടുകളായി മഞ്ഞുമൂടിയ ഭൂപ്രദേശത്ത് നഷ്ടപ്പെടുകയായിരുന്നു. പിന്നീട് 2003-ൽ മണാലിയിലെ എബിവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അലൈഡ് സ്പോർട്‌സിൻ്റെ പര്യവേഷണത്തിലൂടെ ദക്ഷിണ ധാക്കയിലെ ഹിമാനിയിൽ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. പർവ്വതാരോഹകർ ഒരു മൃതദേഹത്തിൻ്റെ അവശിഷ്ടങ്ങളും കണ്ടെത്തി. അത് വിമാനത്തിലുണ്ടായിരുന്ന സൈനികനായ ശിപായി ബെലി റാമിൻ്റെതാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
തുടർന്ന് 2005, 2006, 2013, 2019 വർഷങ്ങളിലായി ഇന്ത്യൻ ആർമിയുടെ തിരച്ചിൽ ദൗത്യങ്ങളിൽ പ്രാവിണ്യം നേടിയ ഡോഗ്ര സ്കൗട്ടുകളുടെ നിരന്തര പര്യവേഷണങ്ങൾക്കാണ് ഇവിടെ തുടക്കമിട്ടത്. ഇപ്പോൾ, ചന്ദ്രഭാഗ പർവ്വത പര്യവേഷണമാണ് തോമസചെറിയാൻ്റെതടക്കം നാല മൃതദേഹങ്ങൾ കൂടി വീണ്ടെടുത്തത്. തോമസ് ചെറിയാന്‍ പരിശീലനശേഷം പോസ്റ്റിംഗ് കിട്ടി പോകും വഴിയാണ് അപകടം സംഭവിച്ചത്