അമൃത്സർ : അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതിൻ്റെ ഭാഗമായി ഇന്ത്യൻ കുടിയേറ്റക്കാരെയും വഹിച്ചുകൊണ്ടുള്ള രണ്ടാമത്തെ വിമാനം ഫെബ്രുവരി 15 ന് അമൃത്സറിൽ എത്തി. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തിനു കീഴിലുള്ള ഏറ്റവും വലിയ നാടുകടത്തൽ പ്രവർത്തനങ്ങളിലൊന്നായി യാണ് ഇത് അറിയപ്പെടുന്നത്. ഫെബ്രുവരി 5 നാണ് 104 ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ യുഎസ് സൈനിക വിമാനം അമൃത്സറിൽ എത്തിയത്.
119 ഇന്ത്യാക്കാരാണ് രണ്ടാമത്തെ വിമാനത്തിലുള്ളത്. ഇവരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്‌നീത് സിംഗ് ബിട്ടു, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. അനധികൃത കുടിയേറ്റക്കാരുമായി അമേരിക്കയിൽ നിന്നുള്ള രണ്ടാം വിമാനമാണിത്. 67 പേർ പഞ്ചാബികളാണ് വിമാനത്തിലെ യാത്രക്കാർ. ഹരിയാനക്കാരായ 33 പേരും ഗുജറാത്ത് സ്വദേശികളായ 8 പേരും ഉത്തർ പ്രദേശ് സ്വദേശികളായ 3 പേരും, മഹാരാഷ്ട്ര രാജസ്ഥാൻ സ്വദേശികളായ രണ്ട് പേർ വീതവും, ജമ്മു കാശ്മീർ ഹിമാചൽ പ്രദേശ് ഗോവ സ്വദേശികളായ ഓരോ പേരും വിമാനത്തിലുണ്ട്. അമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് വന്ന ദിവസം തന്നെയാണ് അനധികൃത കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ത്യയിലേക്ക് എത്തുന്നത്.
അമൃത്സറിൽ വിമാനം ഇറക്കാനുള്ള തീരുമാനം വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ പഞ്ചാബിനെ മനഃപൂർവ്വം ലക്ഷ്യം വയ്ക്കുന്നുവെന്ന് പഞ്ചാബ് ധനമന്ത്രി ഹർപാൽ ചീമ ആരോപിച്ചു. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനങ്ങൾ അമൃത്സറിൽ ഇറങ്ങുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് പഞ്ചാബിനെ അപകീർത്തിപ്പെടുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഹരിയാനയോ ഗുജറാത്തിലോ എന്തുകൊണ്ട് ഇങ്ങനെ ചെയ്യുന്നില്ല? പഞ്ചാബിന്റെ പ്രതിച്ഛായ തകർക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് വ്യക്തമാണ്. പകരം ഈ വിമാനം അഹമ്മദാബാദിൽ ഇറങ്ങണം,” ചീമ പറഞ്ഞു.