മലപ്പുറം: മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്കെതിരെ പരസ്യ പ്രതിഷേധവുമായി സമസ്തയിലെ ഒരു വിഭാഗം. പട്ടിക്കാട് ജാമിഅ നൂരിയയുടെ പ്രിന്‍സിപ്പലായിരുന്ന അസ്ഗറലി ഫൈസിയെ പുറത്താക്കിയതിനെതിരെയാണ് ഒരു വിഭാഗം രംഗത്തെത്തിയത്. പെരിന്തല്‍മണ്ണയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സത്താർ പന്തല്ലൂര്‍, മുസ്തഫ മുണ്ടൂപാറ, അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങി ഒരു വിഭാഗം നേതാക്കൾ പങ്കെടുത്തു.
ജാമിഅ നൂരിയയുടെ ഗൃഹനാഥനെ പിടിച്ച് പുറത്തിടാന്‍ ആരാണ് അധികാരം നല്‍കിയതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ് വിമര്‍ശിച്ചു. താല്‍ക്കാലിക പ്രതിഷേധമല്ലെന്നും, സമസ്തയെ നശിപ്പിക്കാന്‍ ചില ഗൂഢനീക്കങ്ങള്‍ നടക്കുന്നുവെന്നും ഹമീദ് ഫൈസിചൂണ്ടിക്കാട്ടി:
സമസ്ത അദ്ധ്യക്ഷനെ ചാനലുകള്‍ക്ക് മുമ്പില്‍ വന്ന് ചിലര്‍ അപമാനിക്കുന്നു. സമസ്ത നേതൃത്വത്തെ ദുര്‍ബലപ്പെടുത്താനാണ് ശ്രമമെന്നും ഹമീദ് ഫൈസി വിമര്‍ശിച്ചു. ജാമിയ നൂരിയയുടെ പ്രിന്‍സിപ്പല്‍ ആയിരുന്ന അസ്ഗര്‍ അലി ഫൈസിയെ ജാമിഅ നേതൃത്വം പുറത്താക്കിയിരുന്നു. മറ്റു മുസ്ലിം സംഘടനകളുടെ പരിപാടികളില്‍ സാദിഖലി തങ്ങൾ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തതിനെ അസ്ഗറലി ഫൈസി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാദിഖലി തങ്ങള്‍ ഉള്‍പ്പെട്ട നേതൃത്വം അസ്ഗറലി ഫൈസിക്കെതിരെ നടപടിയെടുത്തത്.