തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റില്‍ റണ്ണറപ്പായ കേരള ടീം തിരുവനന്തപുരത്ത് തിരിച്ചെത്തി. വിമാനത്താവളത്തില്‍ വന്‍ വരവേല്‍പ്പുമായി കെസിഎയും ആരാധകരും. കെസിഎ ആസ്ഥാനത്തും വന്‍ സ്വീകരണമാണ് ഒരുക്കിയത്. നാളെ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി മുഖ്യാതിഥിയാകും.
നേട്ടത്തില്‍ വലിയ സന്തോഷമുണ്ടെന്നും കേരളത്തെ ഇനിയും ഉയരങ്ങളില്‍ എത്തിക്കുമെന്നും ക്യാപ്റ്റന്‍
സച്ചിന്‍ ബേബി പ്രതികരിച്ചു. രഞ്ജി ട്രോഫി എന്നത് എല്ലാവരുടെയും സ്വപ്‌നമായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. ഇതിലും വലിയൊരു ട്രോഫിയുമായി അടുത്ത സീസണില്‍ ഞങ്ങള്‍ വരും. സ്വന്തം നാട്ടില്‍ ലഭിക്കുന്ന സ്വീകരണം ആവേശം പകരുന്നത്. കേരളത്തെ ഇനിയും അഭിമാനത്തില്‍ എത്തിക്കും – അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തില്‍ ആദ്യമായാണ് രഞ്ജി ട്രോഫിയില്‍ കേരളം റണ്ണേഴ്‌സ് അപ്പ് ആവുന്നത്. വിദര്‍ഭയ്ക്കെതിരായ ഫൈനല്‍ മത്സരം സമനിലയിലായതോടെ കേരളത്തിന് കപ്പ് നഷ്ടമാവുകയായിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവില്‍ വിദര്‍ഭ കിരീടം സ്വന്തമാക്കുകയായിരുന്നു. സീസണില്‍ ഉടനീളം മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്.