ന്യൂഡൽഹി : ഡൽഹിയിയുടെ അടുത്ത മുഖ്യമന്ത്രിയായി രേഖ ഗുപ്ത വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇതോടെ ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യന്ത്രിയായി രേഖയുടെ പേര് ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടും. ഷാലിമാർ ബാഗിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പഴയ ആർഎസ്‌എസ് നേതാവും ബിജെപിയിലെ മറ്റൊരു പ്രമുഖ ബനിയ നേതാവുമാണ് രേഖ ഗുപ്ത.
വ്യാഴാഴ്ച ചരിത്രപ്രസിദ്ധമായ രാംലീല മൈതാനത്താണ് രേഖ ഗുപ്തയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. ഷാലിമാർ ബാഗ് സീറ്റിൽ ആം ആദ്മി പാർട്ടിയുടെ ബന്ദന കുമാരിയെയും കോൺഗ്രസിന്റെ പർവീൺ കുമാർ ജെയിനിനെയും പരാജയപ്പെടുത്തിയാണ് രേഖ ഗുപ്ത സൽഹി നിയമസഭയിലെത്തുന്നത്. 29.595 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഖയുടെ വിജയം.
ഫെബ്രുവരി 8 ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ നിർണായക വിജയത്തെത്തുടർന്ന്, ഡൽഹിക്കായി ഒരു വനിതാ മുഖ്യമന്ത്രിയെ ബിജെപി നിർദ്ദേശിക്കുമെന്ന് ധ്വനിയുണ്ടായിരുന്നു. രേഖ ഗുപ്തയുടെ പേരും പ്രധാന സ്ഥാനാർത്ഥികളിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഡൽഹിയിൽ വലിയ വോട്ടർ അടിത്തറയുള്ള ബനിയ സമുദായത്തിൽ നിന്നുള്ള നേതാവെന്ന നിലയിൽ രാജ്യതലസ്ഥാനത്തെ നയിക്കാൻ രേഖയെ പാർട്ടി നിയമിച്ചേക്കുമെന്ന സൂചനയുണ്ടായിരുന്നു. വിജേന്ദർ ഗുപ്ത, രേഖ ഗുപ്ത, ജിതേന്ദർ മഹാജൻ എന്നീ മൂന്ന് നേതാക്കളുടെ പേരുകൾ ആ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നെങ്കിലും അവസാനം നറുക്ക് വീണത് രേഖഗുസ്തയ്ക്കായിരുന്നു.