ന്യൂഡല്‍ഹി : ഡല്‍ഹിയിലെ മുഴുവന്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്ന വന്‍ വാഗ്ദാനവുമായി ആം ആദ്മി പാർട്ടി. 60 വയസിന് മുകളിലുള്ളവര്‍ക്ക് സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രിയെന്ന ഭേദമില്ലാതെയാകും സഞ്ജീവനി പദ്ധതിയില്‍ സൗജന്യ ചികിത്സ ലഭിക്കുക. വരുമാനം സൗജന്യ ചികിത്സ ലഭിക്കുന്നത് ഒരു തടസമാകില്ലെന്നും എഎപി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ പ്രഖ്യാപിച്ചു. എഎപി ഡല്‍ഹിയില്‍ വീണ്ടും അധികാരത്തിൽ എത്തിയാൽ പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം.
രാജ്യതലസ്ഥാനത്തെ ഏത് സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍നിന്നും സൗജന്യ ചികിത്സ തേടാം. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഓരോ വീടുകളിലുമെത്തി 60 വയസിന് മുകളില്‍ പ്രായമുള്ളവരെ പദ്ധതിയില്‍ ചേര്‍ക്കും. അവര്‍ക്ക് ഡല്‍ഹിയിലെ ഏത് ആശുപത്രിയില്‍ ‘നിന്നും ചികിത്സ തേടാം. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രി എന്ന വേർതിരിവില്ലാതെ ചികിത്സ സൗജന്യമായിരിക്കും. ബിപിഎല്‍, എപിഎല്‍ തുടങ്ങിയ നിബന്ധനകളും പദ്ധതിക്ക് ബാധകമായിരിക്കില്ല. മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുന്നത് ഡല്‍ഹി സര്‍ക്കാരായിരിക്കും.
മുഖ്യമന്ത്രി മഹിളാ സമ്മാന്‍ യോജന പ്രകാരം സ്ത്രീകള്‍ക്ക് ലഭ്യമാക്കുന്ന തുക 1000 രൂപയില്‍നിന്ന് 2100 രൂപയാക്കി ഉയര്‍ത്തുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടിയുടെ രണ്ടാമത്തെ വന്‍ തിരഞ്ഞെടുപ്പ് വാഗ്ദാനം. രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യുന്ന ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്ന് സഞ്ജീവനി പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.