കൊൽക്കത്ത: സത്യജിത് റേയുടെ ഐതിഹാസിക ചിത്രമായ പഥേർ പാഞ്ചാലിയിലെ ദുർഗ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ പ്രഗത്ഭ നടി ഉമാ ദാസ് ഗുപ്ത (84) അന്തരിച്ചു. ഏറെ നാളായി അർബുദ ചികിത്സയിലായിരുന്ന ഉമ തിങ്കളാഴ്ചയാണ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്.
കുട്ടിക്കാലം മുതൽ നാടകരംഗത്ത് സജീവമായിരുന്ന ഉമാ ദാസ് ഗുപ്തയുടെ അസാധാരണമായ അഭിനയ ശേഷിയാണ് സത്യജിത് റേയെ ആകർഷിച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെയാണ് പഥേർ പാഞ്ചാലിയിലെ ദുർഗയായി ഉമയെ തിരഞ്ഞെടുത്തത്. പഥേർ പാഞ്ചാലിക്ക് പുറമേ, കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോഖി ചേലെ (2022) തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങളിലും ഉമ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. എന്നിട്ടും മുഖ്യധാരാ സിനിമാ ജീവിതത്തിലേക്ക് അവർ ആകർഷിക്കപെട്ടില്ല. .
ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ ശാശ്വതമായ മതിപ്പ് സൃഷ്ടിച്ച പഥേർ പാഞ്ചാലിയിലെ ദുർഗയായി എന്നും ഉമാ ദാസ് ഗുപ്ത സിനിമാ ചരിത്രത്തിൽ നിറഞ്ഞുനിന്നു. മഴക്കെടുതിയിൽ പനി ബാധിച്ച് ദുർഗ മരിക്കുന്ന ദാരുണമായ രംഗം പഥേർ പാഞ്ചാലി കണ്ട ഏതൊരു സിനിമാ പ്രേക്ഷകൻ്റെയും മനസ്സിൽ വൈകാരികവും അവിസ്മരണീയവുമായ നിമിഷമായി എന്നും അവശേഷിക്കും.
ദുർഗയും അവളുടെ ഇളയ സഹോദരൻ അപുവും തമ്മിലുള്ള ഗാഢമായ ബന്ധം തുളുമ്പുന്ന ഒരു ഗ്രാമീണ ബംഗാളി കുടുംബത്തിൻ്റെ കഥ പറയുന്ന സിനിമയാണ് സത്യജിത് റേയുടെ പഥേർ പാഞ്ചാലി.1929-ൽ ബിഭൂതിഭൂഷൺ ബന്ദ്യോപാധ്യായ എഴുതിയ അതേ പേരിലുള്ള ബംഗാളി നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമ്മിച്ചത്. സിനിമാചരിത്രത്തിൽ സിനിമാറ്റിക് ട്രൈലോജിക്കിന് തുടക്കം കുറിച്ച ചിത്രമാണ് പഥേർ പാഞ്ചാലി
തുടർന്ന് പുറത്തുവന്ന അപരാജിതോ (1956), അപുർ സൻസാർ (1959) എന്നിവ അപു ട്രൈലോജി എന്നറിയപ്പെടുന്നു. ഇന്ത്യൻ സിനിമയെ ആഗോള ശ്രദ്ധയിൽ കൊണ്ടുവന്ന ചലച്ചിത്രകാവ്യങ്ങളായി മാറി ഈ ചിത്രങ്ങൾ.
സിനിമാഭിനയം അവസാനിപ്പിച്ച് ഉമാ ദാസ് ഗുപ്ത അധ്യാപികയായാണ് ജോലി ചെയ്തിരുന്നത്. അവസാനകാലം മകൾക്കൊപ്പമായിരുന്നു ജീവിതം.