തിരുവനന്തപുരം :സാമൂഹ്യക്ഷേമ സുരക്ഷ പെൻഷൻ അനധികൃതമായി തട്ടിച്ചെടുത്തവർക്കെതിരെ സർക്കാർ നടപടി തുടങ്ങി. മൃഗസംരക്ഷണ വകുപ്പിലെ 6 ജീവനക്കാർ ആദ്യപടിയായി സസ്പെൻഷൻ നേരിട്ടു. പാർട്ട് ടൈം സ്വീപ്പർ മുതൽ വർക്ക് ഓഫീസർ വരെ നടപടി നേരിട്ടവരിൽ ഉൾപ്പെടും. അനധികൃതമായി കൈപ്പറ്റിയ തുക 18% പലിശ സഹിതം തിരിച്ചു അടക്കാനും നിർദ്ദേശമുണ്ട്.
സംസ്ഥാനത്തെ ഗസറ്റഡ് ഉദ്യോഗസ്ഥൻ അടക്കം 1458 സർക്കാർ ജീവനക്കാർ സാമൂഹ്യസുരക്ഷാ പെൻഷൻ കൈപ്പറ്റുന്നുവെന്നാണ് പരിശോധനയിൽ കണ്ടെത്തിയിട്ടുള്ളത്. കോളേജ് അസിസ്‌റ്റന്‍റ് പ്രൊഫസർമാരും, ഹയർ സെക്കണ്ടറിയിലെ അദ്ധ്യാപകരും മുതൽ
ആരോഗ്യ വകുപ്പിലേയും മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിലേയും ഉദ്യോഗസ്ഥന്മാർ വരെ ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടികയിലുണ്ട്.
ധനവകുപ്പ് നിർദ്ദേശ പ്രകാരം ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് ഗുരുതര തട്ടിപ്പ് കണ്ടെത്തിയത്. ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതൽ പേർ ക്ഷേമ പെൻഷൻ വാങ്ങുന്നവർ ഉള്ളത്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പാണ് രണ്ടാം സ്ഥാനത്ത്. 224 പേർ. മെഡിക്കൽ എഡ്യുക്കേഷൻ വകുപ്പിൽ 124 പേരും, ആയൂർവേദ വകുപ്പിൽ (ഇന്ത്യൻ സിസ്‌റ്റം ഓഫ് മെഡിസിൻ) 114 പേരും, മൃഗസംരണക്ഷ വകുപ്പിൽ 74 പേരും, പൊതു മരാമത്ത് വകുപ്പിൽ 47 പേരും ക്ഷേമ പെൻഷൻ വാങ്ങുന്ന സർക്കാർ ജീവനക്കാരാണ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ 46 പേരും, ഹോമിയോപ്പതി വകുപ്പിൽ 41 പേരും. കൃഷി, റവന്യു വകുപ്പുകളിൽ 35 പേർ വീതവും, ജുഡീഷ്യറി ആൻഡ് സോഷ്യൽ ജസ്‌റ്റീസ് വകുപ്പിൽ 34 പേരും, ഇൻഷ്വറൻസ് മെഡിക്കൽ സർവീസ് വകുപ്പിൽ 31 പേരും, കോളേജിയറ്റ് എഡ്യുക്കേഷൻ വകുപ്പിൽ 27 പേരും, ഹോമിയോപ്പതിയിൽ 25 പേരും ക്ഷേമ പെൻഷൻ കൈപറ്റുന്നു.
മറ്റ് വകുപ്പുകളിലും സ്ഥാപനങ്ങിലും പെൻഷൻ പറ്റുന്നവരുടെ എണ്ണം ചുവടെ: വിൽപന നികുതി 14 വീതം, പട്ടികജാതി ക്ഷേമം 13, ഗ്രാമ വികസനം, പൊലീസ്, പിഎസ്‌സി, ആയുർവേദ മെഡിക്കൽ എഡ്യുക്കേഷൻ 10 വീതം, സഹകരണം എട്ട്, ലജിസ്ലേച്ചർ സെക്രട്ടറിയറ്റ്, തൊഴിൽ പരിശീലനം, പൊതുഭരണം, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏഴു വീതം, വനം വന്യജീവി ഒമ്പത്, സോയിൽ സർവെ, ഫിഷറീസ് ആറു വീതം, തദ്ദേശ ഭരണം, വാഹന ഗതാഗതം, വ്യവാസായവും വാണിജ്യവും, ഫയർഫോഴ്‌സ്, ക്ഷീര വികസനം, പൊതുവിതരണം, അഡ്വക്കേറ്റ് ജനറൽ ഓഫീസ് നാലു വീതം, സാമൂഹിക ക്ഷേമം, രജിസ്‌ട്രേഷൻ, മ്യുസിയം, പ്രിന്റിങ്, ഭക്ഷ്യ സുരക്ഷ, എക്‌സൈസ്, ആർക്കിയോളജി മൂന്നു വീതം, തൊഴിൽ, ലീഗൽ മെട്രോളജി, മെഡിക്കൽ എക്‌സാമിനേഷൻ ലബോട്ടറി, എക്‌ണോമിക്‌സ് ആൻഡ് സ്‌റ്റാറ്റിറ്റിക്‌സ്, ലാ കോളേജുകൾ രണ്ടു വീതം, എൻസിസി, ലോട്ടറീസ്, ജയിൽ, തൊഴിൽ കോടതി, ഹാർബർ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ ഇൻസ്‌പക്‌ട്രേറ്റ്, ഡ്രഗ്‌സ് കൺട്രോൾ, വിന്നോക്ക വിഭാഗ വികസനം, കയർ വകിസനം ഒന്നു വീതം.
വിവിധ തലങ്ങളിലുള്ള പരിശോധനകൾ തുടരാനാണ് ധന വകുപ്പ് തീരുമാനം. അനർഹരായവരെ കണ്ടെത്തി ഒഴിവാക്കുകയും ശിക്ഷാ നടപടികൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം അർഹരായവർക്ക് മുഴുവൻ കൃത്യമായി പെൻഷൻ വിതരണം ഉറപ്പാക്കുകയും ചെയ്യുന്ന കാര്യക്ഷമമായ പ്രവർത്തനങ്ങൾക്കാണ ധന വകുപ്പ് തുടക്കമിട്ടിരിക്കുന്നത്.