തിരുവനന്തപുരം: മതാടിസ്ഥാനത്തിൽ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന ആരോപണം നേരിടുന്ന വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ വകുപ്പ് തല അന്വേഷണം നേരിടേണ്ടിവരും. ഡിജിപി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് കഴിഞ്ഞ ദിവസം അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതനുസരിച്ച് കെ.ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും.
ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐഎഎസ് ചട്ടം 3(1), 3(14),3(9) എന്നിവപ്രകാരം സമൂഹഐക്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റത്തിന് കടുത്ത നടപടിയാണ് ശുപാർശ ചെയ്യുന്നത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തായപ്പോൾ മുസ്‌ലിം ഉദ്യോഗസ്ഥർക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
വാട്സാപ് ഗ്രൂപ്പിന്റെ സ്ക്രീൻഷോട്ട് പുറത്തായപ്പോൾ തന്നെ ചീഫ് സെക്രട്ടറി ഇക്കാര്യത്തിൽ കെ.ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു അപ്പോൾ ഗോപാലകൃഷ്ണൻ നൽകിയ മറുപടി. എന്നാൽ ഗോപാലകൃഷ്ണന്റെ ഫോണിൽ ഹാക്കിങ് നടന്നതിന് തെളിവില്ലെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഐ ഫോൺ ഉൾപ്പെടെ ഗോപാലകൃഷ്ണൻ ഉപയോഗിച്ചിരുന്ന 2 ഫോണുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഹാക്ക് ചെയ്തതിന് തെളിവില്ലെന്ന് മെറ്റ അധികൃതരും പൊലീസിനെ അറിയിച്ചു. പ്ലേസ്റ്റോറിൽ നിന്നല്ലാതെ മറ്റൊരു ആപ്പും ഫോണിൽ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിളും മറുപടി നൽകിയിരുന്നു.
ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിപി എസ്.ദർവേശ് സാഹിബ് ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ഇതോടൊപ്പം തന്നെ, മേലുദ്യോഗസ്ഥനെ മനോരോഗിയെന്ന് വിശേഷിപ്പിച്ച കൃഷി വകുപ്പ് സ്‌പെഷൽ സെക്രട്ടറി എൻ.പ്രശാന്തിനോട് വിശദീകരണം തേടുമെന്നും അറിയുന്നു. അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലകിനെ ‘ചിത്തരോഗി’ എന്നാണ് എൻ.പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയായിരുന്നു പ്രശാന്തിന്റെ അധിക്ഷേപം.
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിച്ച അവസ്ഥയിലാണെന്നാണ് അഡീഷനല്‍ സെക്രട്ടറി ഡോ.എ.ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയത്.
പട്ടികജാതി-വര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷമായ ഭാഷയിൽ ആക്ഷേപം നടത്തിയത്. വാട്‌സാപ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി വന്നത്. രേഖകള്‍ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തു നല്‍കിയെങ്കിലും രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവര്‍ മന്ത്രിയുടെ ഓഫിസില്‍ എത്തിച്ചത്. കവറുകളില്‍ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ ഇല്ലെന്നായിരുന്നു പരാതി.