ന്യൂഡൽഹി : കോൺഗ്രസ് നേതാവ് അജയ് മാക്കനെതിരെ ആംആദ്മി പാർട്ടി. അരവിന്ദ് കേജ്‌രിവാളിനെ ദേശവിരുദ്ധനെന്ന് വിളിച്ച അജയ് മാക്കനെതിരെ നടപടിയെടുത്തില്ലെങ്കിൽ ഇന്ത്യാസഖ്യത്തിൽ നിന്നു കോൺഗ്രസിനെ പുറത്താക്കണമെന്ന് ആംആദ്മി പാർട്ടി (എഎപി) ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് എടുക്കുന്നതെന്നും ഡൽഹി മുഖ്യമന്ത്രി അതിഷി, എഎപിയുടെ രാജ്യസഭാ എംപി സഞ്ജയ് സിങ് എന്നിവർ ആരോപിച്ചു.
‘‘ഈ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം കൊയ്യാൻ സാധിക്കുമെന്ന് കോൺഗ്രസ് ഉറപ്പാക്കുകയാണ്. അജയ് മാക്കൻ ബിജെപിയുടെ സ്ക്രിപ്റ്റ് വായിച്ച് പ്രസ്താവനകൾ നടത്തുന്നു. ബിജെപിയുടെ നിർദ്ദേശം അനുസരിച്ച് എഎപി നേതാക്കളെ ലക്ഷ്യമിടുന്നു. ഇന്നലെ എല്ലാ പരിധികളും ലംഘിച്ച് ഞങ്ങളുടെ നേതാവ് അരവിന്ദ് കേജ്‌രിവാളിനെ ദേശവിരുദ്ധനെന്ന് വിളിച്ചു. കോൺഗ്രസോ മാക്കനോ ഇതുവരെ ഏതെങ്കിലും ബിജെപി നേതാവിനെ ദേശവിരുദ്ധനെന്നു വിളിച്ചിട്ടുണ്ടോ” – സഞ്ജയ് സിങ് ചോദിച്ചു.
2013ൽ 40 ദിവസത്തെ കേജ്‌രിവാൾ സർക്കാരിനെ പിന്തുണച്ചതാണ് ദേശീയതലസ്ഥാനത്ത് പാർട്ടി ദുർബലമാകാനുള്ള പ്രധാന കാരണമെന്നായിരുന്നു കഴിഞ്ഞ ദിവസം അജയ് മാക്കൻ പറഞ്ഞത്. എഎപിയുമായി കൂട്ടുകൂടുന്നതിലെ തെറ്റു തിരുത്തേണ്ടതുണ്ടെന്നും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടുന്ന ധവളപത്രം പുറത്തിറക്കുന്നിതിനിടെ മാക്കൻ പറഞ്ഞിരുന്നു.