കൊച്ചി : ലഹരി ഉപയോഗം തടയൽ നിയമപ്രകാരം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ കേസെടുത്ത് പോലീസ്. ഇന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ഷൈനിനെതിരെ എൻഡിപിഎസ് (നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ്) ആക്ടിലെ 27, 29 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ലഹരി ഉപയോഗത്തിനും ഗൂഢാലോചനയ്ക്കുമാണ് കേസ്. സ്റ്റേഷൻ ജാമ്യം ലഭിക്കും.
ഡാൻസാഫ് സംഘത്തെ കണ്ട് ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയോടിയതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനെ തുടർന്നാണ് കേസ് എടുത്തത്. ലഹരിമരുന്ന് ഇടപാടുകാരൻ സജീറിനെ അറിയാമെന്നു ഷൈൻ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. ഹോട്ടലിൽ പൊലീസ് അന്വേഷിച്ചെത്തിയത് സജീറിനെ ആയിരുന്നു. ഷൈനിന്റെ ഫോണിൽ നിന്ന് ലഹരിമരുന്ന് ഇടപാടുകാരുമായുള്ള ബന്ധത്തെപ്പറ്റി സൂചന ലഭിച്ചെന്നും വിവരമുണ്ട്.
ഇത് രണ്ടാം തവണയാണ് ഷൈൻ ടോം ചാക്കോ ലഹരി കേസിൽ അറസ്റ്റിലാകുന്നത്. ഇതിൽ ആദ്യത്തേത് 2014 ലെ കൊക്കെയ്ൻ കേസായിരുന്നു. കൃത്യമായ തെളിവുകൾ ശേഖരിച്ച ശേഷം എഫ്ഐആർ ഇടുന്ന നടപടികൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഷൈൻ നൽകിയ മൊഴികൾ വിശ്വസനീയമല്ലെന്ന് നോർത്ത്പൊലീസ് വ്യക്തമാക്കി.