പാലക്കാട്: നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരായ വെളിപ്പെടുത്തലില്‍ അന്വേഷണവുമായി സഹകരിക്കാമെന്ന് നടി വിന്‍ സി അലോഷ്യസ് അറിയിച്ചിട്ടുണ്ടെന്ന് എക്‌സൈസ് മന്ത്രി എം.ബി. രാജേഷ്. ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സിനിമ മേഖലയിലുള്ളവര്‍ സംരക്ഷിക്കണമെന്നും അതിന്റെ പേരില്‍ അവർ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലെന്ന് സിനിമ മേഖലയിലുള്ളവർ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
“അവര്‍ എന്നോട് സംസാരിച്ചിരുന്നു. ഉറച്ച നിലപാട് സ്വീകരിച്ചതില്‍ അവരെ അഭിനന്ദിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ല എന്നത് ധീരമായ നിശ്ചയദാർഢ്യത്തോടെയുള്ള നിലപാടാണ്. അത്തരമൊരു നിലപാട് സ്വീകരിക്കാന്‍ സിനിമ മേഖലയിലെ എല്ലാവരും മുന്നോട്ടുവരുകയാണ് വേണ്ടത്. അവര്‍ ഇത്തരം അന്വേഷണങ്ങളോട് സഹകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. വെളിപ്പെടുത്തിയ കാര്യങ്ങള്‍ എവിടെയും പറയാന്‍ തയ്യാറാണെന്ന് അവര്‍ അറിയിച്ചു. അതില്‍ അവര്‍ക്ക് ആശങ്കയോ മടിയോ ഇല്ല. സിനിമാ മേഖലയിലുള്ളവര്‍ ഇത്തരം ധീരമായ നിലപാട് സ്വീകരിക്കുന്നവരെ സംരക്ഷിക്കണം. അതിന്റെ പേരില്‍ അവര്‍ മാറ്റിനിര്‍ത്തപ്പെടാന്‍ പാടില്ലെന്നത് സിനിമാ മേഖലയിലുള്ളവരുടെ ഉത്തരവാദിത്വമാണ്”-മന്ത്രി പറഞ്ഞു.