ഒട്ടാവ : അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വിമർശനവുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. യുഎസ് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നു ട്രൂഡോ മുന്നറിയിപ്പ് നൽകി. മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ മാർച്ച് നാലിനു നിലവിൽ വരുമെന്നു ട്രംപ് പ്രഖ്യാപിച്ചിരുന്നു.
‘‘അധിക ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് ഒഴിവാക്കാനുള്ള നടപടി കാനഡ സ്വീകരിക്കും. അനാവശ്യമായി തീരുവ ഏർപ്പെടുത്താൻ ശ്രമിച്ചാൽ ഞങ്ങൾ എതിർക്കും. ഭരണകൂടവും ജനങ്ങളും അധിക നികുതി നയത്തെ വിലയിരുത്തുന്നുണ്ട്’’– ട്രൂഡോ പറഞ്ഞു. ലഹരിക്കായി ദുരുപയോഗിക്കുന്ന ഫെന്റനൈൽ യുഎസിലേക്ക് അനധികൃതമായി വരുന്നുണ്ടെന്ന ആശങ്കയാണ് അധിക നികുതി ഏർപ്പെടുത്തിയതിന് പിന്നിൽ. ഈ വിഷയത്തിൽ കാനഡയ്ക്കും ആശങ്കയുണ്ടെന്നു ട്രൂഡോ പറഞ്ഞു.
“യുഎസിലേക്ക് അനധികൃതമായും അല്ലാതെയും ഇറക്കുമതി ചെയ്യുന്ന ഫെന്റനൈലിന്റെ ഒരു ശതമാനം മാത്രമാണ് കാനഡയിൽ നിന്നുള്ളത്. അതുപോലും കുറയ്ക്കണമെന്ന് അറിയാം. അതുകൊണ്ടാണു ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് അതിർത്തി സുരക്ഷ ശക്തമാക്കിയത്. പട്രോളിങ്ങിനായി 10,000 പേരെ വിന്യസിച്ചു. ഇതിനായി കാനഡ 1.3 ബില്യൻ ഡോളറാണു നിക്ഷേപിച്ചത്. യുഎസ് നേരിടുന്ന പ്രശ്നങ്ങളുടെ ഉത്തരവാദി കാനഡയല്ല’’– ട്രൂഡോ വ്യക്തമാക്കി.