തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ എഡിജിപി എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ട് തള്ളി. പകരം, അജിത് കുമാറിനെതിരെയും പൂരം അലങ്കോലപ്പെടുത്തിയതിലും പുതിയ ഡിജിപി തല അന്വേഷണത്തിനാണ് അഭ്യന്തര സെക്രട്ടറിയുടെ ശുപാർശ. ഡിജിപിയുടെ കത്തിലെ കണ്ടെത്തൽ പരിഗണിച്ചാണ് എഡിജിപിക്കെതിരായ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
പുതിയ അന്വേഷണ ശുപാർശക്ക് പുറമെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലും അൻവറിൻ്റെ പരാതിയിൽ ഡിജിപി തല അന്വേഷണം, അനധികൃതസ്വത്ത് സമ്പാദനത്തിൽ വിജിലൻസ് അന്വേഷണം എന്നിങ്ങനെ
നിരവധി അന്വേഷണങ്ങൾ നേരിടുമ്പോഴും അജിത്കുമാർ എഡിജിപി സ്ഥാനത്ത് തുടരുന്നു എന്നുള്ളത് കൗതുകം .
സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോൾ അജിത് കുമാർ ഇടപെടാത്തതിൽ കടുത്ത വിമർശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോർട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തൽ. എഡിജിപിയുടെ റിപ്പോർട്ടിന്മേൽ ഡിജിപി വിമർശനക്കുറിപ്പെഴുതിയതോടെയാണ് പുതിയ അന്വേഷണത്തിന് അഭ്യന്തര സെക്രട്ടറി വക ശുപാർശ പുറത്തു വന്നത്. . എഡിജിപിക്കെതിരെ ഡിജിപി തല അന്വേഷണത്തിനാണ് ആഭ്യന്തര സെക്രട്ടരി ബിശ്വനാഥ് സിൻഹയുടെ ശുപാർശ ചെയ്തതെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന തീരുമാനം സുപ്രധാനമാണ്.