തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർ ഗീത തയ്യാറാക്കിയ റിപ്പോർട്ട് റവന്യൂ മന്ത്രി കെ. രാജന്. കൈക്കൂലി അടക്കം, നവീൻ ബാബുവിനെതിരായ ആരോപണങ്ങളെല്ലാം തെറ്റാണെന്നാണ് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ റിപ്പോർട്ട് പറയുന്നത്. റിപ്പോർട്ട് റവന്യൂ മന്ത്രി പരിശോധിച്ച ശേഷം മുഖ്യമന്ത്രിക്ക് കൈമാറും.
മുഖ്യമന്ത്രിയുടെ കൂടി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ. കലക്ടർ സ്ഥാനത്തുനിന്ന് അരുൺ കെ. വിജയനെ മാറ്റുന്നതടക്കമുള്ള നടപടികൾ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉണ്ടായേക്കും. റിപ്പോർട്ട് പി.പി ദിവ്യക്കെതിരെയുള്ള നടപടികൾക്കും നിർണ്ണായകമായേക്കും
ദിവ്യയുടെ വാദങ്ങൾ തള്ളിക്കളയുന്നതാണ് റിപ്പോർട്ടിലെ ഭൂരിഭാഗം മൊഴികളും എന്നാണ് അറിയുന്നത്. ദിവ്യ ഒഴികെ 17 പേരുടെ മൊഴി അന്വേഷണത്തിന്‍റെ ഭാഗമായി രേഖപ്പെടുത്തിയിട്ടുണ്ട്. കലക്ടർ അരുൺ കെ. വിജയനും ഇതിൽ ഉൾപ്പെടും. നവീൻ ബാബു കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് കമ്മിഷണർ വ്യക്തമാക്കുന്നതോടൊപ്പം പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചിട്ടില്ലെന്നും ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.