2024 ട്വന്റി 20 ലോകകപ്പ് അട്ടിമറികളുടെയും പരമ്പരയാകുന്നു. ഗ്രൂപ്പ് എ യിൽ പാക്കിസ്ഥാനെ യു എസ് എ അട്ടിമറിച്ച വാർത്തയുടെ അലയൊലിയടങ്ങും മുൻപെയാണ് ഗ്രൂപ്പ് സി യിൽ ന്യൂസിലൻഡിനെ അട്ടിമറിച്ച അഫ്ഗാനിസ്ഥാൻ്റെ വിജയവാർത്ത ക്രിക്കറ്റ് ലോകത്തെ കൗതുകമാകുന്നത്.
160 റൺസ് ലക്ഷ്യമിട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനെ പിച്ചിൽ ഒന്ന് കാലുറപ്പിക്കാൻ പോലും സമ്മതിക്കാതെ അഫ്ഗാൻ ബൗളർമാർ എറിഞ്ഞിട്ടു. 15.2 ഓവറിൽ 75 റൺസിൽ ന്യൂസിലാൻഡ് കളിക്കാരെല്ലാം കളി അവസാനിപ്പിച്ച് കൂടാരം കയറി. അഫ്ഗാന് 84 റൺസ് കൂറ്റൻ ജയം.
ടോസ് നേടിയ ന്യൂസിലാൻഡ് അഫ്ഗാനെ ബാറ്റിങ്ങിന് അയച്ചു. അഫ്ഗാന്റെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാൻ ന്യൂസിലാൻ്റിന് 106 റൺസ് വരെ കാക്കേണ്ടിവന്നു. 56 പന്തിൽ 80 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസും 41പന്തിൽ 42 റൺസെടുത്ത ഇബ്രാഹിം സർദാനും മികച്ച തുടക്കമാണ് അഫ്ഗാന് നൽകിയത്.
നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ 159 റൺസ് നേടി.13 പന്തിൽ 22 റൺസ് നേടിയ അസ്മത്തുള്ളയും അഫ്ഗാൻ്റെ സ്കോറിന് കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് തുടക്കം തന്നെ പാളി. സ്കോർബോർഡ് അനങ്ങും മുമ്പേ ഫിൻ അലൻ തിരിഞ്ഞ് നടന്നു. നേരിട്ട ആദ്യ പന്തിൽ ഫസൽ ഹഖ് ഫറൂഖാണ് പുറത്താക്കിയത്. പിന്നീട് വന്നവരെ ഒന്ന് ശ്വാസം വിടാൻ പോലും അഫ്ഗാൻ ബൗളന്മാർ അനുവദിച്ചില്ല. ഡെവൺ കോൺവേ (8 റൺസ്), നായകൻ കെയ്ൻ വില്യംസൺ (9), ഡാരിൽ മിച്ചൽ (5), മാർക്ക് ചാംമാൻ (4), മിച്ചൽ ബ്രെയ്സ്വെൽ (0), മിച്ചൽ സാൻറ്റ്നർ (4) ലോക്കി ഫെർഗൂസൻ (2) എന്നിവരുടേയെല്ലാം വരവും പോക്കും പെട്ടെന്ന് കഴിഞ്ഞു. രണ്ടക്കം തികച്ചത് രണ്ടു പേർ മാത്രം – ഗ്ലെൻ ഫിലിപ്സും (18 റൺസ്) മാറ്റ് ഹെൻറിയും (12).
അഫ്ഗാൻ നിരയിൽ ഫർസലഖ് ഫറൂഖിയും റാഷിദ് ഖാനും നാല് വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മുഹമ്മദ് നബി രണ്ട് വിക്കറ്റിനുടമയായി.