(Photo Courtesy : Jammu Links news/X)
ശ്രീനഗർ: നീണ്ട ആറു വർഷത്തിനുശേഷം ജമ്മു കശ്മീരിൽ ഇന്ന് നിയമസഭാ സമ്മേളനം ചേർന്നു. ആദ്യ ദിവസം തന്നെ സഭ ബഹളത്തിൽ മുങ്ങി. പ്രതിപക്ഷമായ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ എംഎൽഎ വാഹിദ് പാറ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പ്രമേയം കൊണ്ടുവന്നതാണ് ബഹളത്തിലേക്ക് നയിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടതിനെ ബിജെപി അംഗങ്ങൾ എതിർത്തു.
അതേസമയം, ഇതുവരെ പ്രമേയം അംഗീകരിച്ചിട്ടില്ലെന്ന് സ്പീക്കർ റഹീം റാത്തർ പറഞ്ഞു. ഇന്നാണ് സ്പീക്കറെയും തിരെഞ്ഞെടുത്തത്. മുതിർന്ന നാഷണൽ കോൺഫറൻസ് നേതാവും ചരാർ-ഇ-ഷരീഫിൽ നിന്ന് ഏഴ് തവണ എംഎൽഎയുമായ അബ്ദുൾ റഹീം റാത്തറാണ് ജമ്മു-കശ്മീർ കേന്ദ്രഭരണ പ്രദേശത്തിൻ്റെ നിയമസഭയുടെ ആദ്യ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്. സമ്മേളനം എട്ടാം തിയതി വരെ തുടരും.