കൊച്ചി : കേരളത്തില്‍ നിന്ന് യൂറോപ്പിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ കൊച്ചി-ലണ്ടന്‍ സര്‍വ്വീസ് വീണ്ടും പുനരാരംഭിച്ചേക്കും. സര്‍വ്വീസ് മാര്‍ച്ച് 28ന് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് സിയാല്‍ അധികൃതര്‍ എയര്‍ ഇന്ത്യയുമായി നടത്തിയ ചർച്ചയിൽ ഇതുമായി ബന്ധപ്പെട്ട ധാരണയായി.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഗുര്‍ഗാവിലെ ആസ്ഥാനത്ത് എയര്‍ ഇന്ത്യ അധികൃതരുമായി സിയാല്‍ അധികൃതര്‍ നടത്തിയ ചര്‍ച്ചയില്‍ സര്‍വ്വീസ് മുടങ്ങാതിരിക്കാന്‍ നടപ്പിലാക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണയായി. സാങ്കേതിക അനുമതിയ്ക്ക് ശേഷം, മാസങ്ങള്‍ക്കുള്ളില്‍ സര്‍വ്വീസ് പുനരാരംഭിക്കാനാകുമെന്നും വിമാനങ്ങളുടെ ലഭ്യത അനുസരിച്ച് ഈ റൂട്ടില്‍ സര്‍വ്വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.
സിയാല്‍ അധികൃതര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. വ്യവസായ മന്ത്രി പി രാജീവും ചര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.