(Photo courtesy : X)
47ാംമത്തെ പ്രസിഡന്‍റിനെ തിരഞ്ഞെടുക്കാൻ അമേരിക്ക തയ്യാറെടുത്തു കഴിഞ്ഞു. പോളിങ് ബൂത്തുകൾ ഇന്ന് സജീവമാകും തന്നെ. ഇന്ത്യൻ സമയം വൈകിട്ട് നാലരക്ക് പോളിങ് ആരംഭിക്കും. വിജയ പ്രതീക്ഷയിലാണ് കമല ഹാരിസും ഡൊണാൾഡ് ട്രംപും. വാശിയേറിയ പോരാട്ടത്തിൽ ആര് ജയിച്ചു കയറുമെന്നറിയാൻ ഇനി മണിക്കൂറുകൾ ബാക്കി. കമല ഹാരിസോ ഡോണൾഡ് ട്രംപോ, ആര് വാഴും ആര് വീഴും? വിധിയെഴുതാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞു.
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന മണിക്കൂറുകളിൽ വിശ്രമമില്ലാതെയാണ് കമല ഹാരിസും ഡോണള്‍ഡ് ട്രംപും വോട്ടഭ്യർത്ഥനകളുമായി ജനമനസ്സുകളിൽ ഇടം നേടാൻ പൊരുതിനിന്നത്. പെൻസിൽവേനിയ പിടിച്ചെടുക്കാനുള്ള അവസാന ശ്രമം രണ്ടു പേരും പാഴാക്കിയില്ല. അഞ്ചോളം പൊതു യോഗങ്ങളിലാണ് ഇരുവരും പങ്കെടുത്തത്. ബൈഡൻ ഭരണകാലത്ത് സാമ്പത്തികനില കൂപ്പുകുത്തിയെന്നാണ് ട്രംപ് ഉന്നയിക്കുന്ന പ്രധാന ആരോപണം. ജീവിതച്ചെലവ് കുറയ്ക്കാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നാണ് കമലയുടെ വാഗ്ദാനം.

അഭിപ്രായ സർവ്വേകളിൽ ഒപ്പത്തിനൊപ്പമായ തിരഞ്ഞെടുപ്പിൽ അട്ടിമറിയും പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്. വിജയത്തിൽ കുറഞ്ഞതൊന്നും രണ്ട് സ്ഥാനാർത്ഥികളും പ്രതീക്ഷിക്കുന്നുമില്ല. ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലാണ് ട്രംപ്. വോട്ടർമാർ ഒരു സ്ത്രീ എന്ന നിലയിൽ തന്നിൽ വിശ്വാസമർപ്പിക്കുമെന്നാണ് കമല ഹാരിസ് പ്രതീക്ഷ വെച്ചുപുലർത്തുന്നത്. രണ്ടായാലും ബൂത്തുകളിൽ എത്തുന്ന ജനങ്ങളുടെ വിധിയെഴുത്ത് തന്നെയായിരിക്കും ജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. 24 കോടി ജനങ്ങൾക്ക് ഇത്തവണ വോട്ടവകാശമുണ്ട്. ഏർളി വോട്ടിംഗ്, പോസ്റ്റൽ സംവിധാനങ്ങളിലൂടെ ഏഴ് കോടിയിലധികം പേർ ഇതുവരെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.
സംസ്ഥാനങ്ങളുടെ ചുമതലയാണ് അമേരിക്കയിൽ തെരഞ്ഞെടുപ്പ്. ഇവിഎം മെഷീനുകളെ പുറത്താക്കി ബാലറ്റ് പേപ്പർ സംവിധാനത്തിലൂടെയാണ് തെരഞ്ഞെടുപ്പ്. 18 വയസിന് മുകളിലുള്ളവർക്ക് വോട്ടവകാശം. കൈമുദ്ര പതിപ്പിച്ച ബാലറ്റ് പേപ്പർ വോട്ടിംഗിലാണ് അമേരിക്കൻ ജനത വിശ്വാസമർപ്പിക്കുന്നത്.