പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത് നിരവധി തെളിവുകളുടെ അടിസ്ഥാനത്തിൽ. തെറ്റുകൾ ഏറ്റുപറഞ്ഞ് പ്രതികൾ എഴുതി നൽകിയ വിശദീകരണക്കുറിപ്പ് തന്നെയാണ് ഇതിൽ ഏറെ നിർണ്ണായകമായത്. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഈ മൂന്ന് സഹപാഠികളുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു.
കോളേജിൽ നൽകിയ വിശദീകരണക്കുറിപ്പിന് പുറമെ, അമ്മുവിനെ സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ മൂവർക്കുമെതിരായ കണ്ടെത്തലുകൾ, ആത്മഹത്യാക്കുറിപ്പിന് സമാനമായി അമ്മുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ ക്വിറ്റ് എന്നെഴുതിയ കുറിപ്പ്, അമ്മുവിന്റെ മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളുമെല്ലാമാണ് അറസ്റ്റിലേക്ക് നയിച്ചത്.
അറസ്റ്റിലായ പ്രതികളെ രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവൻ ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിച്ചാണ് സംഭവത്തിൽ കുടുംബം രംഗത്ത് വന്നത്. സഹപാഠികളായ വിദ്യാര്‍ത്ഥിനികളും അമ്മു സജീവനുമായി ഉണ്ടായിരുന്ന പ്രശ്നത്തിൽ പരാതി നൽകിയിട്ടും ഇടപെടാനോ പരിഹരിക്കാനോ കോളേജ് അധികൃതര്‍ ശ്രമിച്ചില്ലെന്ന് കുടുംബത്തിന് ശക്തമായ അക്ഷേപമുണ്ട്