കൊല്ലം : കൊല്ലം ശക്തികുളങ്ങരയിൽ കഴിഞ്ഞ ദിവസം എംഡിഎംഎയുമായി പിടിയിലായ അനില രവീന്ദ്രൻ വെറുമൊരു മയക്കുമരുന്ന് വിൽപ്പനക്കാരിയല്ല. അതിനപ്പുറം അന്തർ സംസ്ഥാന ലഹരി മാഫിയുമായി ബന്ധമുള്ളയാളാണെന്നാണ് പൊലീസ് കണ്ടെത്തൽ. കണ്ണൂരിൽ പിടിയിലായ ലഹരി മാഫിയ സംഘ തലവനുമായി അനില ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവ് പൊലീസിന് ലഭിച്ചു. ഇയാൾ വഴിയാണ് ബാംഗ്ലൂരിൽ നിന്ന് അനില എംഡിഎംഎ വാങ്ങിയത്.
അനില കൊല്ലത്തേക്ക് ലഹരിയെത്തിക്കുന്നത് ആദ്യമായിട്ടല്ല. കൊല്ലം ജില്ലയിലെ ലഹരി സംഘങ്ങളുമായി അനില രവീന്ദ്രന് അടുത്ത ബന്ധമാണുള്ളത്. കൂടുതൽ വിവരങ്ങൾ ലഭിക്കാനായി അനിലയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ് പോലീസ് തീരുമാനം.
ബാംഗ്ലൂരിൽ നിന്ന് കർണ്ണാടക രജിസ്ട്രേഷൻ വാഹനത്തിൽ കൊല്ലത്തേക്ക് എം ഡി എം എ എത്തുന്നുവെന്ന രഹസ്യവിവരമാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണന് ലഭിച്ചത്. തുടർന്ന് കൊല്ലം സിറ്റി എസിപി ഷരീഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ മൂന്ന് സംഘങ്ങളായി പരിശോധന ആരംഭിക്കുകയും ഇതിനിടയിൽ നീണ്ടകരയിൽ നിന്ന് വെച്ച് പൊലീസ് ആവശ്യപ്പെട്ടിട്ടും നിർത്താതെ പോയ കർണ്ണാടക രജിസ്ട്രേഷൻ വാഹനം പിന്തുടർന്ന് പിടിച്ചതോടെയാണ് അനില രവീന്ദ്രൻ എംഡിഎംഎ യുമായി പിടിയിലാകുന്നത്.
പോലീസ് സ്റ്റേഷനിൽ എത്തിച്ച അനില ശാരീരിക ബുദ്ധിമുട്ടുകൾ നേരിട്ടതോടെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിംഗിലാണ് ഇവരുടെ ജനനേന്ദ്രിയത്തിൽ ഒളിപ്പിച്ച നിലയിൽ 46 ഗ്രാം എംഡിഎംഎ പിടികൂടിയത്. സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചായിരുന്നു ലഹരിക്കടത്ത്. കൊല്ലം സിറ്റി പൊലീസ് ഈ മാസം നടത്തിയ നാലാമത്തെ വലിയ എംഡിഎംഎ വേട്ടയാണിത്.