കൊച്ചി : എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ നടത്തിയ ശ്രമമാണ് വീണ്ടും സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധത്തിൻ്റെ മുന്നിൽ വൈദികർ തന്നെ എന്നത് ശ്രദ്ദേയം. പ്രതിഷേധിച്ചവർ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. കയര്‍ കൊണ്ട് കെട്ടി വലിച്ചാണ് ഗേറ്റിന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്.
മറുഭാഗത്ത്, പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം പോലീസ് തുടരുകയാണ്. ഗേറ്റ് തകര്‍ക്കാതിരിക്കാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും വിഫലമായി. എങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാൽ വൈദികരെ ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാനാണ് പോലീസ് ശ്രമം. ചര്‍ച്ചകൾക്കായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.
അതേസമയം, വിമത വൈദികര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി സീറോ മലബാര്‍ സഭ സിനഡ് രംഗത്തെത്തി. ബിഷപ്പ് ഹൗസിനുള്ളിൽ സമരം ചെയ്ത വിമത വൈദികരായ ആറു പേരെ സഭ സസ്പെന്‍ഡ് ചെയ്തു. 15 വൈദികര്‍ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. സമരം ചെയ്ത ആറ് വൈദികര്‍ക്ക് കുര്‍ബാന ചൊല്ലുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സീറോ മലബാര്‍ സഭ സിനഡാണ് ഇതുസംബന്ധിച്ച നിര്‍ദേശം നൽകിയത്. ഇതിനിടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിനായി പ്രതിഷേധക്കാര്‍ കളക്ടറുമായി ഫോണിൽ ചര്‍ച്ച നടത്തി.
സിറോ മലബാർ സഭയിലെ കുര്‍ബാന തർക്കത്തിൽ ഒരു വിഭാഗം വൈദികർ പ്രതിഷേധമായി പ്രാർത്ഥനാ യജ്ഞം നടത്തിയതിൽ പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. എറണാകുളം അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സമരം നടത്തുകയായിരുന്ന വൈദികരെ രാത്രിയിൽ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. വൈദികരെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. നടന്നത് പൊലീസ് അതിക്രമം എന്നാണ് വൈദികർ ആരോപിക്കുന്നത്. രാത്രിയിലെ സംഭവത്തിന് പിന്നാലെയാണ് രാവിലെ വലിയ രീതിയിലുള്ള പ്രതിഷേധവുമായി വൈദികരും വിശ്വാസികളും രംഗത്തെത്തിയത്.