മുംബൈ: നിർഭയ ദുരന്തം നടന്നിട്ട് ഒരു ദശാബ്ദ്ത്തിലേറെയായിട്ടും സ്ത്രീകളോടുള്ള പെരുമാറ്റത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന സംഭവമാണ് കൊൽക്കത്തയിൽ നടന്നതെന്ന് നടി ആലിയ ഭട്ട്. കൊൽക്കത്ത മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഇൻസ്റ്റാഗ്രാമിലാണ് താരം തന്‍റെ ആശങ്ക പ്രകടിപ്പിച്ചത്.
‘മറ്റൊരു ക്രൂരമായ ബലാൽസംഗം. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിന്‍റെ മറ്റൊരു ദിനം കൂടി കടന്നുപോയി’ – എ താരം കുറിച്ചു. ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാർഥിനിയെ കൊൽക്കത്തയിലെ മെഡിക്കൽ കോളജ് ആശുപത്രി സെമിനാർ ഹാളിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അതിജീവിതയ്ക്ക് നീതി ആവശ്യപ്പെട്ട്
രാജ്യത്തുടനീളമുള്ള ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പരിശോധിച്ച പല ഡോക്ടർമാരും കൂട്ടബലാത്സംഗം നടന്നതിൻ്റെ സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്ത്യാ ടുഡേ ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, കൊലചെയ്യപ്പെട്ട വനിതാ ഡോക്ടർക്കേറ്റ പരിക്കുകൾ ഒരു വ്യക്തിയുടെ മാത്രം പ്രവൃത്തിയാകാൻ സാദ്ധ്യതയില്ലെന്ന് ഡോ. ഡിആർ സുബർണ ഗോസ്വാമി പറയുന്നു.