ജയ്‌പൂരിൽ 25 പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ 23കാരിയായ അനുരാധയെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിച്ച പുരുഷന്മാരോടൊപ്പം ഏതാനും ദിവസം താമസിച്ച് പണവും സ്വര്‍ണവുമായി മുങ്ങുന്നതാണ് അനുരാധയുടെ പതിവ്. ഏഴ് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെയാണ് യുവതി വിവാഹം കഴിച്ച് പറ്റിച്ചത്. വിവാഹത്തട്ടിപ് ശീലമാക്കിയ അനുരാധ പാസ്വാൻ, സവായ് മധോപൂർ പോലീസ് ഒരുക്കിയ കെണിയിലാണ് പിടിയിലായത്.
വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി, വിവാഹം വൈകിയ യുവാക്കളെ ലക്ഷ്യം വെക്കുകയും വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. തട്ടിപ്പിനിരയായ സവായ് മധോപോര്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് യുവതി അറസ്റ്റിലാകുന്നത്. വരനായി വേഷം മാറി പോലീസ് ഒരു രഹസ്യ കോൺസ്റ്റബിളിനെ അയച്ചതോടെയാണ് അനുരാധയുടെ കയ്യിൽ വിലങ്ങു വീണത്.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറി. അവിടെ, പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായി. വരന്മാരുടെ സ്വത്ത് തട്ടി ഒളിച്ചോടാനൊരു വധു, അതായിരുന്നു അനുരാധയുടെ റോൾ. തട്ടിപ്പുസംഘത്തിലെ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.