തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സിപിഎം സെക്രട്ടറിക്ക് നൽകിയ പരാതി പുറത്തുവിട്ട് പിവി അൻവർ. സ്വന്തം ഫേസ് ബുക്ക് പേജിലൂടെ പുറത്തുവിട്ട 13 പേജുള്ള പരാതിയിൽ ശശിക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചിരിക്കുന്നത്
സ്വർണ്ണക്കടത്തിൻറെ പങ്ക് പറ്റുന്നു, കച്ചവടക്കാർക്കിടയിലെ സാമ്പത്തിക തർക്കത്തിൽ ഇടപെട്ട് ലക്ഷങ്ങൾ കൈപ്പറ്റുന്നു, കമ്മീഷൻ വാങ്ങി കേസുകൾ ഒത്തുതീർപ്പാക്കുന്നു, രാഹുൽ ഗാന്ധിക്കെതിരായ പരാമർശത്തിൽ തനിക്കെതിരായ കേസിന് പിന്നിലും ശശി, സോളാർ കേസിൽ പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയതിലും എഡിജിപി അജിത് കുമാറിനൊപ്പം ശശിയുമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പർ വാങ്ങി ശൃംഗാര ഭാവത്തിൽ ഇടപെടുന്നു എന്നിങ്ങനെ പോകുന്നു പരാതി. പാർട്ടിക്കാരെ സർക്കാറിൽ നിന്നും അകറ്റിനിർത്തുന്ന ശശിക്കെതിരെ നടപടി വേണമെന്നാണ് എംവി ഗോവിന്ദന് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

പരാതിയിൽ അനാവശ്യമായ ശശിയുടെ ഇടപെടലുകളെ തുറന്നുകാട്ടിക്കൊണ്ട് ‘ചില സ്വന്തം അനുഭവങ്ങൾ വിശദീകരിക്കാം ‘ എന്ന് പറഞ്ഞ് പ്രത്യേകം തലക്കെട്ടു കൊടുത്ത് പറയുന്ന വിഷയങ്ങളിൽ ഷാജൻ സ്കറിയ കേസ്, സോളാർ കേസ്, സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദം, പ്രതിപക്ഷനേതാവിനെതിരെ ഉന്നയിച്ച ആരോപണം, കോഴിക്കോട്ടെ ഒരു വ്യാപാരിയുടെ കേസ്, രാഹുൽ ഗാന്ധി വിവാദം, പാർക്കിലെ മോഷണക്കേസ്, സാമ്പത്തിക തർക്കത്തിലെ മദ്ധ്യസ്ഥൻ എന്നിങ്ങനെ നമ്പറിട്ട് വേർതിരിച്ച് ആരോപണങ്ങളുടെ കെട്ടഴിച്ചിടുന്നുണ്ട് അൻവർ.