വിഡി സതീശനോട് മാപ്പപേക്ഷ, യുഡിഎഫിന് നിലമ്പൂരിൽ നിരുപാധിക പിന്തുണ ; പി വി അൻവറിൻ്റെ ലക്ഷ്യം തവനൂർ മണ്ഡലമോ ?

Date:

മലപ്പുറം : എം എൽ എ സ്ഥാനം രാജിവെച്ച് തൃണമൂൽ കോൺഗ്രസ്സിൽ ചേർന്ന പി വി അൻവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷ്യം വെക്കുന്നത് തവനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വമാണെന്ന് സൂചന. പണിച്ച പണി പതിനെട്ടും പയറ്റിയിട്ടും കെ ടി ജലീലിനെ പരാജയപ്പെടുത്താൻ കഴിയാതിരുന്ന യുഡിഎഫിന് അദ്ദേഹം ഇനി മത്സരിക്കാനില്ലെന്നറിയിച്ചത് ആശ്വാസമായി നിൽക്കുമ്പോഴാണ് ലീഗിലൂടെ ഒരു കോണി വെച്ച് തവനൂരിൽ കയറിക്കൂടാൻ അൻവറിൻ്റെ ശ്രമം. നിലമ്പൂർ മണ്ഡലത്തിൽ എൽഡിഎഫിൻ്റേയോ യുഡിഎഫിൻ്റേയോ പിന്തുണയില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്ന് അടുത്തിടെ നടത്തിയ ഒരു ജാഥയിൽ നിന്നുതന്നെ അൻവറിന് മനസ്സിലായിക്കാണും. ആര്യാടൻ ഷൗക്കത്തിനെ എതിരിട്ട് നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയാകുക എന്നതും അത്ര എളുപ്പമല്ല. നിലമ്പൂരിനെ കൈവിടുക എന്ന തീരുമാനത്തിൻ്റെ കാരണവും മറ്റൊന്നല്ല.

നിലമ്പൂരിൽ ഇനി സ്ഥാനാർത്ഥിയാകാനില്ലെന്നും പകരം യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുമ്പോഴും അൻവറിൻ്റെ ഉള്ളിലിരുപ്പ് മറനീക്കി പുറത്തു വരുന്നത് കാണാമെന്ന്  രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു. നിലമ്പൂരിൽ താൻ മത്സരിക്കില്ലെന്ന് പറയുമ്പോൾ തന്നെ തൻ്റെ യു.ഡി.എഫ് പ്രവേശനത്തിന് എതിർപ്പുയർത്തിയ  ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയാവരുതെന്ന നിശ്ചയദാർഢ്യവും അൻവർ കൈക്കൊള്ളുന്നു. തന്നെ അറസ്റ്റ് ചെയ്യാൻ പിണറായി ഒരുമ്പെട്ടത് മുസ്ലീം ആയതുകൊണ്ടാണെന്നു പറയുന്ന അൻവർ, മുസ്ലീമായ ആര്യാടൻ ഷൗക്കത്തിനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റി നിർത്താൻ ക്രിസ്ത്യൻ പ്രേമം മുന്നോട്ട് വെച്ച്, പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെന്ന നിലയിൽ വി എസ് ജോയിയെ യുഡിഎഫ് സ്ഥാനാർത്ഥി ആക്കണമെന്നും  ആവശ്യപ്പെടുന്നു. 

കോൺഗ്രസിന്റ ഉപാധികൾക്ക് വഴങ്ങിയ അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ അഴിമതി ആരോപണത്തിൽ മാപ്പ് പറയുമ്പോഴും നിലമ്പൂരിൽ ഷൗക്കത്തുമായി ഒത്തുതീർപ്പിന് തയ്യാറാവുന്നില്ല എന്നതും അൻവറിൻ്റെ നിലപാടുകളിലെ വൈരുദ്ധ്യമായി ചൂണ്ടിക്കാണിക്കുന്നു. നിയമസഭയിൽ വിഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിച്ചതിന് പിന്നിൽ പി ശശിയാണെന്നാണ് അൻവറിൻ്റെ വെളിപ്പെടുത്തൽ. ഇങ്ങനെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എടുത്തുചാടുന്നയാളാണോ അൻവർ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. അതേസമയം, പി ശശിയിലൂടെ പിണറായി വിജയനെയൊന്ന് കുത്തി വിഡി സതീശനെ സുഖിപ്പിക്കാനുള്ള തന്ത്രമാണിതെന്ന് കോൺഗ്രസിൽ തന്നെ അടക്കം പറച്ചിലുണ്ട്. സംസ്ഥാനത്തിൻ്റെ തെക്കൊരു മലയോര മേഖലയിലെ മുതിർന്ന രാഷ്ട്രീയ നേതാവിൻ്റെ അവസ്ഥയാണ് ഈ വേളയിൽ രാഷ്ട്രീയ നിരീക്ഷകർ ഓർത്തെടുക്കുന്നത്.

Share post:

Popular

More like this
Related

ഹണി റോസിനെതിരെ അധിക്ഷേപ പരാമർശം: രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത് യുവജന കമ്മീഷൻ

മലപ്പുറം : നടി ഹണി റോസിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ...

ക്യാപ്‌സൂളിനുള്ളിൽ  മൊട്ടു സൂചി ; വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ രോഗിക്കാണ് ദുരനുഭവം

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നും വിതരണം ചെയ്ത ഗുളികയിൽ...

ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ അടിച്ചുകൊന്നു; അയൽവാസി പോലീസ് കസ്റ്റഡിയിൽ

കൊച്ചി : എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ ഇരുമ്പ്...

‘ഒരു വോട്ടിന് ഒരു ജോഡി ഷൂസും 1001 രൂപയും’: ബിജെപി സ്ഥാനാർത്ഥിക്കെതിരെ കേസ്

ന്യൂഡൽഹി : ബിജെപി സ്ഥാനാർഥി പർവേഷ് വർമയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു....