ബംഗളുരു: ഗംഗാവാലി പുഴയിൽ മണ്ണിടിച്ചിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനടക്കം മൂന്ന് പേർക്കായുളള തിരച്ചിൽ നിർത്തി ഷിരൂരിൽ നിന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ മടങ്ങുന്നു. താൻ പുഴയിലിറങ്ങി പരിശോധിക്കുന്നത് പോലീസ് തടയുകയാണെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങുകയാണെന്നും ഈശ്വർ മാൽപെ മാധ്യമങ്ങളോട് പറഞ്ഞു. തിരച്ചിൽ വിവരങ്ങൾ ആരോടും പറയരുതെന്നും അധികം ഹീറോ കളിക്കേണ്ടെന്നും പോലീസ് താക്കീത് നൽകിയതായും മാൽപെ കൂട്ടിച്ചേർത്തു. ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ തിരിച്ചുവരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി.
ജില്ലാ ഭരണകൂടവും പൊലീസും സഹകരിക്കുന്നില്ലെന്നാണ് ഈശ്വർ മാൽപെ ആരോപിക്കുന്നത്.വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചതാണ് ജില്ലാ ഭരണകൂടത്തെ പ്രകോപിപ്പിച്ചതെന്ന് മാൽപെ വിശ്വസിക്കുന്നു. ”ലോറി കണ്ടെടുക്കാമെന്ന് പ്രതീക്ഷയുണ്ട്. പക്ഷെ, മടങ്ങുകയാണ്. അർജ്ജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നു. വഴക്ക് കൂടി ദൗത്യം പൂർത്തീകരിക്കാൻ ആകില്ല.” ഈശ്വർ മാൽപെ വ്യക്തമാക്കി.
ഉടുപ്പി സ്വദേശിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ അർജുൻ ദൗത്യത്തിൽ സ്വയം പങ്കാളിയായി എത്തിയതാണ്. ഇന്നലെയും ഇന്നുമായി ഗംഗാവാലി നദിയിൽ നിന്നും അർജുൻ്റെ ലോറിയിലെ മരങ്ങളും മറ്റൊരു ലോറിയുടെ കാബിനും സ്കൂട്ടറും മൽപെ മുങ്ങിത്തപ്പിയെടുത്തിരുന്നു. അർജുൻ്റെ കുടുംബത്തെ നേരിട്ട് കണ്ട് നൽകിയ വാക്ക് പാലിക്കാൻ കഴിയാതെ മടങ്ങേണ്ടി വരുന്നതിലെ വിഷമം ഈശ്വർ മൽപെ മാധ്യമങ്ങളോട പങ്കുവെച്ചു