ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്‍രിവാളിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജൂൺ 26നാണ് സിബിഐ കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കേജ്‌രിവാളിന് ഇടക്കാല ജാമ്യം നൽകാൻ ഓഗസ്റ്റ് 14ന് സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. തുടർന്ന് സിബിഐയിൽ നിന്ന് വിശദീകരണവും കോടതി ചോദിച്ചിരുന്നു.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വൽ ഭുയൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിബിഐ റജിസ്റ്റർ ചെയ്ത കേസിലാണ് കേജ്‍രിവാളിന് ജാമ്യം ലഭിച്ചത്. അനന്തകാലം ജയിലിലിടുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. മാര്‍ച്ച് 21നാണ് സംഭവത്തിൽ ആദ്യ അറസ്റ്റ് ഉണ്ടായത്. അന്ന് ഇ.ഡിയാണ് കേജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീംകോടതിയില്‍നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കേജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച അദ്ദേഹം ജൂൺ രണ്ടിനു ജയിലിലേക്ക് മടങ്ങിയിരുന്നു.