പാരീസ്: ഇന്ത്യൻ താരങ്ങളെയും വഹിച്ചുകൊണ്ടുള്ള അലംകൃത ബോട്ട് സെൻ നദിയിലെ തണുത്തുറഞ്ഞ ജലസഞ്ചയത്തെ തഴുകി ഒഴുകിയെത്തിയത് 84-ാമതായായിരുന്നു. പതാകാ വാഹകരായ ടേബിൾ ടെന്നിസ് താരം അജാന്ത ശരത് കമലും ബാഡ്മിന്റൻ താരം പി.വി.സിന്ധുവുമാണ് ഇന്ത്യൻ ടീമിനെ നയിച്ചത്. കുർത്ത ബൂന്ദി സെറ്റും സാരിയുമായിരുന്നു ഇന്ത്യൻ പുരുഷ-വനിതാ താരവേഷം. ഫാഷൻ ഡിസൈനർ തരുൺ തഹ്‌ലിയാനി രൂപകൽപന ചെയ്ത വസ്ത്രങ്ങളായിരുന്നു അത്.
2016 ലും 2020ലും മെഡൽ നേടിയ സിന്ധു തുടരെ 3–ാം മെഡൽ തേടിയാണ് ഇത്തവണ ഇറങ്ങുന്നത്. ശരത് കമലിന്റെ കരിയറിലെ 5–ാം
ഒളിംപിക്സാണു പാരിസിലേത്. 117 അംഗ ഇന്ത്യൻ സംഘത്തിൽനിന്ന് 78 പേരാണ് മാർച്ച് പാസ്റ്റിൽ പങ്കെടുത്തത്. അടുത്ത ദിവസങ്ങളിൽ മത്സരങ്ങളുള്ള കായികതാരങ്ങളെ മാർച്ച് പാസ്റ്റിൽനിന്ന് ഒഴിവാക്കിയിരുന്നതായി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷയും ചെഫ് ഡി മിഷൻ ഗഗൻ നാരംഗും പറഞ്ഞു.
പാരീസിൽ പ്രാദേശിക സമയം വൈകിട്ട് ഏഴു മണിക്ക് ആരംഭിച്ച ഉദ്ഘാടന പരിപാടികൾ മൂന്നു മണിക്കൂറിലേറെ നീണ്ടുനിന്നു. ഫ്രഞ്ച് അത്‌ലീറ്റ് മേരി ജോസ് പെരെക്ക്, ജൂഡോ താരം ടെഡ്ഡി റിനർ എന്നിവർ ചേർന്നാണ് ഒളിംപിക്സ് ദീപം കൊളുത്തിയത്. ശനിയാഴ്ച വൈകിട്ട് ഇന്ത്യയ്ക്ക് ഹോക്കിയിലും ബാഡ്മിന്റനിലും മത്സരങ്ങളുണ്ട്.