തിരുവനന്തപുരം : . ആശമാരുടെ സമരവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നഡ്ഡയുമായി ഡൽഹിയിൽ ചര്‍ച്ച നടത്തും. കേന്ദ്രം നല്‍കാനുള്ള കുടിശ്ശിക തുക നല്‍കണമെന്ന സംസ്ഥാനത്തിൻ്റെ പ്രധാന ആവശ്യം കേന്ദ്രമന്ത്രിക്ക മുന്നിൽ വെയ്ക്കും. ബുധനാഴ്ച ആശ വര്‍ക്കേഴ്‌സിന്റെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയെ കാണുമെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
തുക കൂട്ടില്ലെന്ന നിലപാട് സംസ്ഥാനത്തിനില്ലെന്നും ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയത്. സന്നദ്ധപ്രവര്‍ത്തകര്‍ എന്ന നിര്‍വ്വചനമടക്കം മാറ്റണമെന്നും ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തിന് വിഷയത്തില്‍ പോസിറ്റീവ് നിലപാടാണ്.ആശമാര്‍ നിരാഹാര സമരത്തിലേക്ക് പോകുന്നത് നിര്‍ഭാഗ്യകരമെന്നും വീണ ജോര്‍ജ് പറഞ്ഞു.
ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചാണ് മുന്നോട്ട് പോകുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഓണറേറിയം വര്‍ദ്ധിപ്പിക്കണം എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും എന്നാല്‍ ഒറ്റയടിക്ക് മൂന്ന് ഇരട്ടി തുക കൂട്ടി നല്‍കാനാവില്ലെന്നും അവര്‍ വ്യക്തമാക്കി. ജനാധിപത്യപരമായ സമീപനം വേണമെന്ന് സമരക്കാരോട് അഭ്യര്‍ത്ഥിച്ചുവെന്നും മന്ത്രി പറഞ്ഞു.