കൊച്ചി : മെയ് 1 മുതൽ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ചെലവേറും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരം ഇടപാടുകൾക്ക് ഇന്റർചേഞ്ച് ഫീസ് വർദ്ധിപ്പിക്കാൻ അംഗീകാരം നൽകിയതായി വരുന്ന റിപ്പോർട്ടുകൾ ഇതിന് ബലമേകുന്നു.
സാമ്പത്തിക ഇടപാടുകൾക്കുള്ള എടിഎം ഇന്റർചേഞ്ച് ഫീസ് 2 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 1 രൂപയും വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് അംഗീകാരം നൽകിയതായി ദി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ, പണം പിൻവലിക്കൽ ഫീസ് ഒരു ഇടപാടിന് 17 രൂപയിൽ നിന്ന് 19 രൂപയായും ബാലൻസ് ചെക്ക് ഫീസ് ഒരു ഇടപാടിന് 6 രൂപയിൽ നിന്ന് 7 രൂപയായും ഉയരും. വർദ്ധിച്ച എടിഎം ഇന്റർചേഞ്ച് ഫീസിന്റെ ഭാരം ഒടുവിൽ ഉപഭോക്താക്കൾ വഹിക്കേണ്ടിവരുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾ പതിവായി ഉപയോഗിക്കുന്ന ഉപഭോക്താക്കളെ ഇത് കൂടുതൽ ബാധിക്കും. സൗജന്യ പ്രതിമാസ പരിധി കവിഞ്ഞാൽ ബാങ്ക് പണം ഈടാക്കി തുടങ്ങും. മെട്രോ നഗരങ്ങളിൽ അഞ്ച് ഇടപാടുകളും മെട്രോ ഇതര നഗരങ്ങളിൽ മൂന്ന് ഇടപാടുകളുമാണ് സൗജന്യമായുള്ളത്.
വൈറ്റ്-ലേബൽ എടിഎം ഓപ്പറേറ്റർമാർ വർദ്ധനവിനായി ലോബിയിംഗ് നടത്തിയിരുന്നതിനാൽ നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) മുന്നോട്ടുവച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആർബിഐ പരിഷ്കരണം. പ്രവർത്തനച്ചെലവ് കണക്കിലെടുക്കുമ്പോൾ പഴയ ഫീസ് പര്യാപ്തമല്ലെന്ന് അവരുടെ വാദം. പരിമിതമായ അടിസ്ഥാന സൗകര്യങ്ങൾ കാരണം മറ്റ് ബാങ്കുകളുടെ എടിഎം ശൃംഖലകളെ വളരെയധികം ആശ്രയിക്കുന്നതിനാൽ ഉയർന്ന ഫീസ് ചെറിയ ബാങ്കുകളെയും ബാധിക്കും