(Photo Courtesy : X)
16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നിയമമാക്കി ഓസ്‌ട്രേലിയ. പ്രായപൂർത്തിയാകാത്തവർ ലോഗിൻ ചെയ്യുന്നത് തടയാൻ 32 മില്യൺ യുഎസ് ഡോളർ വരെ പിഴ ഈടാക്കാനാണ് നീക്കം. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ടിക് ടോക്ക്, എക്സ്, ത്രെഡ്സ് ഉൾപ്പെടെയുള്ള പ്ലാറ്റ് ഫോമുകളെ നിയമം നേരിട്ട് ബാധിക്കും. നിരോധനം ഒരു വർഷത്തിനുള്ളിൽ പ്രാബല്യത്തിൽ വരും.

സോഷ്യൽ മീഡിയ മിനിമം ഏജ് ബിൽ നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി പരീക്ഷണം ജനുവരിയിൽ ആരംഭിക്കും. ഓസ്‌ട്രേലിയയിലെ യുവാക്കളുടെ മാനസികാരോഗ്യ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ മുൻനിർത്തിയാണ് സോഷ്യൽ മീഡിയയിൽ പ്രായ നിയന്ത്രണം നിയമമാക്കാൻ സർക്കാർ പദ്ധതിയിടുന്നത്.
മാതാപിതാക്കളുടെ അനുമതിയില്ലാതെ പ്രായപൂർത്തിയാകാത്തവർക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള നിയമങ്ങൾ ഫ്രാൻസും ചില യുഎസ് സംസ്ഥാനങ്ങളും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാസാക്കിയിട്ടുണ്ട്. ഫ്ലോറിഡയിൽ 14 വയസ്സിന് താഴെയുള്ളവരുടെ സമ്പൂർണ നിരോധനം സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ഓസ്‌ട്രേലിയ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.
2025-ൽ തിരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് നേരിടുന്ന മധ്യ-ഇടതുപക്ഷ പ്രധാനമന്ത്രി ആൻ്റണി അൽബാനീസിൻ്റെ രാഷ്ട്രീയ വിജയത്തെ കൂടി അടയാളപ്പെടുത്തുന്നതായിരിക്കും നിയമനിർമ്മാണമെന്നാണ് രാഷ്ട്രീയാഭിപ്രായം. ബില്ലിനെതിരെ അപൂർവ്വം സ്വകാര്യത വക്താക്കളും ചില ബാലാവകാശ ഗ്രൂപ്പുകളും എതിർപ്പുമായി രംഗത്ത് വന്നെങ്കിലും ഏറ്റവും പുതിയ വോട്ടെടുപ്പുകൾ പ്രകാരം ജനസംഖ്യയുടെ 77% പിന്തുണക്കുകയാണുണ്ടായത്.
2024-ലെ പാർലമെൻ്ററി അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിൽ, സോഷ്യൽ മീഡിയ ഭീഷണിമൂലം സ്വയം ഉപദ്രവിച്ച കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് തെളിവുകൾ കേട്ട രാജ്യത്തെ ഏറ്റവും വലിയ പത്ര പ്രസാധകരായ റൂപർട്ട് മർഡോക്ക് ന്യൂസ് കോർപ്പറേഷൻ്റെ നേതൃത്വത്തിലുള്ള ആഭ്യന്തര മാധ്യമങ്ങളും നിരോധനത്തെ പിന്തുണച്ചു. “അവർ കുട്ടികളായിരിക്കട്ടെ.” എന്നാണ് പത്രങ്ങൾ മുന്നോട്ടു വെച്ച വാചകം.