ന്യൂഡൽഹി: 2019ലെ അയോദ്ധ്യ വിധിയെ വിമർശിച്ച് സുപ്രിംകോടതി മുൻ ജഡ്ജി ജസ്റ്റിസ് ആർ.എഫ് നരിമാൻ. ഈ വിധിയിൽ മതേതരത്വത്തെ പരിഗണിച്ചില്ലെന്നും നീതിയുടെ വലിയ പരിഹാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘മതേതതരത്വവും ഇന്ത്യൻ ഭരണഘടനയും’ എന്ന വിഷയത്തിൽ പ്രഥമ ജസ്റ്റിസ് അഹമദി അനുസ്മരണ പ്രഭാഷണം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം. മസ്ജിദുകൾക്ക് താഴെ ക്ഷേത്രങ്ങളുണ്ടെന്ന അവകാശ വാദങ്ങൾ നിരന്തരം ഉയരുന്നതിലും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
അയോദ്ധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചയിടത്ത് ക്ഷേത്രം നിർമ്മിക്കാനുള്ള വിധിയെ രൂക്ഷമായാണ് അദ്ദേഹം വിമർശിച്ചത്. ‘ഓരോ തവണയും നിയമവാഴ്ചക്ക് എതിരായി ചെയ്യുന്നത് ഹിന്ദുപക്ഷമാണ്. പള്ളി പൊളിച്ചതിന് എന്തായിരുന്നു നഷ്ടപരിഹാരം? പള്ളി പുനർനിർമിക്കുമെന്നായിരിക്കും എല്ലാവരും കരുതുക. പക്ഷെ, പള്ളി പണിയാൻ അവർക്ക് സ്വന്തമായി കുറച്ച് സ്ഥലം നൽകുകയാണ് ചെയ്തത്. എെൻറ വിനീതമായ അഭിപ്രായത്തിൽ, ഈ വിധിയിലൂടെ മതേതരത്വത്തിന് അർഹതൊയൊന്നും ലഭിച്ചില്ല എന്നത് നീതിയുടെ വലിയ പരിഹാസമാണ്’ -ജസ്റ്റിസ് നരിമാൻ പറഞ്ഞു.
‘1857 മുതൽ 1949 വരെ അവിടെ മുസ്ലിംകൾ പ്രാർഥിക്കുന്നുണ്ടെന്ന് കോടതി കണ്ടെത്തിയതാണ്. എന്നാൽ, കോടതി പറയുന്നത് ഇത് തർക്കഭൂമിയാണെന്നാണ്. അതിനാൽ തന്നെ ഒരു വിഭാഗത്തിേൻറത് മാത്രമാണെന്ന് എങ്ങനെ പറയാനാകും. ഇപ്പോൾ ഹിന്ദു ഭാഗത്തിന് മാത്രമായി അത് മാറിയിരിക്കുന്നു.
1528ലാണ് ബാബരി മസ്ജിദ് നിർമ്മിക്കുന്നത്. 1853ൽ പ്രശ്നം ഉണ്ടാകുന്നത് വരെ അത് പള്ളിയായി തുടർന്നു. പിന്നീട് 1858ൽ അകത്തും പുറത്തുമുള്ള നടുമുറ്റത്തിന് ഇടയിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ഒരു മതിൽ പണിതു. അകത്തെ നടുമുറ്റമായിരുന്നു പള്ളിയുടെ പരിസരം. മതിൽ പണിതതോടെ ഇരുകൂട്ടരും പ്രാർഥനകൾ നടത്തി. പുറത്ത് ഹിന്ദുക്കളും അകത്ത് മുസ്ലിംകളും പ്രാർത്ഥന നിർവ്വഹിച്ചു. 1857 മുതൽ 1949 വരെ ഇരു കൂട്ടരും ഇവിടെ പ്രാർത്ഥന നിർവ്വഹിച്ചിട്ടുണ്ട് എന്നത് രേഖപ്പെടുത്തിയ വസ്തുതയാണ്. 1949ൽ 60ഓളം പേർ പള്ളിയിൽ അതിക്രമിച്ച് കയറി വിഗ്രഹങ്ങൾ സ്ഥാപിക്കുകയായിരുന്നു. ഇതോടെ മുസ്ലിംകൾ പ്രാർത്ഥന അവസാനിപ്പിച്ചു’ – നരിമാൻ വ്യക്തമാക്കി.
ബാബരി മസ്ജിദ് തകർത്ത ഗൂഢാലോചന കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ട ജഡ്ജിയെ ഉത്തർ പ്രദേശ് ലോകായുക്തയായി നിയമിച്ചതിനെയും അദ്ദേഹം പ്രഭാഷണത്തിൽ പരാമർശിച്ചു. മൂന്നര വർഷമെടുത്താണ് വിധി പറഞ്ഞത്. അവസാനം എല്ലാവരെയും വെറുതെവിടുകയായിരുന്നു. എല്ലാവരെയും വെറുതെവിട്ടശേഷം അദ്ദേഹം വിരമിക്കുകയും പിന്നീട് ലോകായുക്തയായി ചുമതലയേൽക്കുകയും ചെയ്തുവെന്നും നരിമാൻ പറഞ്ഞു.
പള്ളികൾക്ക് താഴെ ക്ഷേത്രമുണ്ടെന്ന് കാണിച്ച് കേസുകൾ ഫയൽ ചെയ്യുന്ന പ്രവണത സാമുദായിക സംഘർഷത്തിനും അസ്വാരസ്യങ്ങൾക്കും കാരണമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യയുടെ മതേതര അടിത്തറ തകർക്കുകയാണ്.
എല്ലായിടത്തും കേസുകൾക്ക് പിന്നാലെ കേസുകളാണ്. പള്ളികളുടെ മേൽ മാത്രമല്ല, ഇത് ദർഗയിലേക്കും നീളുന്നു. ഇതെല്ലാം നമ്മുടെ ഭരണഘടനക്കും ആരാധനാലയ നിയമത്തിനും എതിരാണ്. ബാബരി വിധിയിൽ ആരാധനാലയ നിയമത്തെ ഉയർത്തിപ്പിടിക്കുന്ന അഞ്ച് പേജുകൾ പ്രയോഗിക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരേയൊരു മാർഗ്ഗം. ഇത് സുപ്രിംകോടതിയുടെ നിയമപ്രഖ്യാപനം ആയതിനാൽ ഓരോ ജില്ലാ കോടതിയിലും ഹൈക്കോടതിയിലും ഇത് വായിക്കണമെന്നും അദ്ദേഹം പറഞ്ഞു.