തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മാവന് ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. മാനസികാരോഗ്യവിദഗ്ധന്‍റെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. പ്രതി ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതാണ് പോലീസിനെ കുഴക്കുന്നത്.
അതേസമയം, ജോത്സ്യൻ ഉള്‍പ്പെടുന്ന സാമ്പത്തിക തട്ടിപ്പ് കേസിലും ദുരൂഹത നിഴലിക്കുന്നുണ്ട്. ജോത്സ്യൻ നിര്‍ദ്ദേശിച്ച വ്യക്തിക്ക് 38 ലക്ഷം രൂപ കൈമാറിയെന്നാണ് ശ്രീതു പൊലീസിന് നല്‍കിയ മൊഴി. പണം കൈമാറേണ്ട ആളുടെ വിവരങ്ങള്‍ മൊബൈൽ ഫോണിലേക്ക് അയച്ചു നല്കിയെന്നും ശ്രീതു പറയുന്നു. എന്നാൽ, ഇത്തരമൊരു സന്ദേശമോ ആളെയോ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ഉറങ്ങിക്കിടന്ന ഇളയകുഞ്ഞിനെ കാണാനില്ലെന്ന് അമ്മ ശ്രീതുവാണ് അയല്‍ക്കാരെ അറിയിച്ചത്. നാട്ടുകാരും പോലീസും ചേര്‍ന്ന് ഏറെ നേരം നടത്തിയ തിരച്ചിലിലാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കളെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് ചോദ്യം ചെയ്തപ്പോള്‍ കുഞ്ഞിന്റെ അമ്മാവനും ശ്രീതുവിന്റെ സഹോദരനുമായ ഹരികുമാര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വെളുപ്പിന് അഞ്ച് മണിയോടെ കുഞ്ഞിനെയെടുത്ത് കിണറ്റിലെറിയുകയായിരുന്നുവെന്ന് ഹരികുമാര്‍ പോലീസിനോട് സമ്മതിച്ചു. കുഞ്ഞിനെ തിരയാനും ഹരികുമാര്‍ പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേര്‍ന്നിരുന്നു.
മൃതദേഹം കിണറ്റില്‍നിന്നു പുറത്തെടുത്തപ്പോഴും ശ്രീതുവും സഹോദരന്‍ ഹരികുമാറും വലിയ ദുഃഖം പ്രകടിപ്പിച്ചതുമില്ല. ഇതോടെ സംശയംതോന്നിയ പോലീസ് വീട്ടുകാരെയെല്ലാം സ്റ്റേഷനിലേക്കു കൊണ്ടുപോയി. വീടിനുള്ളില്‍ വസ്ത്രങ്ങള്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയതും ദുരൂഹത വര്‍ദ്ധിപ്പിച്ചു. ചോദ്യംചെയ്യലില്‍ ഓരോരുത്തരും പറഞ്ഞ കാര്യങ്ങള്‍ പരസ്പരം പൊരുത്തപ്പെട്ടില്ല. അതിനിടെയാണ് ഹരികുമാര്‍ കുറ്റസമ്മതം നടത്തിയത്. കൊലപാതകം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ ഏറെയുണ്ടെങ്കിലും എന്തിനാണ് ദാരുണകൃത്യം നടത്തിയതെന്ന് സംബന്ധിച്ച് വ്യക്തത പോലീസിന് ലഭിച്ചിട്ടില്ല. ഹരികുമാറിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ തെളിവുകൾ പുറത്തു കൊണ്ടു വരാൻ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.