[ Photo Courtesy : X]
പാക്കിസ്ഥാനിൽ ബലൂച് ലിബറേഷൻ ആർമി ( ബിഎൽഎ ) ആക്രമണങ്ങൾ തുടരുന്നു. ഞായറാഴ്ച ക്വറ്റയിൽ നിന്ന് ടഫ്താനിലേക്ക് പോയ സൈനിക വാഹനവ്യൂഹത്തിന് നേരെയും ആക്രമണമുണ്ടായി. സംഭവത്തിൽ ഏഴ് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏഴ് പേർ മരിച്ചതായാണ് ഔദ്യോഗിക വൃത്തങ്ങളുടെ വിശദീകരണമെങ്കിലും 90 സൈനികർ കൊല്ലപ്പെട്ടതായാണ് ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ വാദം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബിഎൽഎ ഏറ്റെടുത്തു.
“ഏതാനും മണിക്കൂറുകൾക്ക് മുമ്പ് നോഷ്കിയിലെ ആർസിഡി ഹൈവേയിലെ രക്ഷാൻ മില്ലിന് സമീപം വിബിഐഇഡി ഫിഡായി ആക്രമണത്തിൽ ബലൂച് ലിബറേഷൻ ആർമിയുടെ ഫിദായി യൂണിറ്റായ മജീദ് ബ്രിഗേഡ് അധിനിവേശ പാക്കിസ്ഥാൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തെ ലക്ഷ്യം വച്ചു. എട്ട് ബസുകളാണ് വാഹനവ്യൂഹത്തിൽ ഉണ്ടായിരുന്നത്, അതിൽ ഒന്ന് സ്ഫോടനത്തിൽ പൂർണ്ണമായും നശിച്ചു” ബിഎൽഎയുടെ പ്രസ്താവന പറയുന്നു.
“ആക്രമണത്തിന് തൊട്ടുപിന്നാലെ, ബിഎൽഎയുടെ ഫത്തേ സ്ക്വാഡ് മറ്റൊരു ബസ് പൂർണ്ണമായും വളഞ്ഞു, വാഹനത്തിലുണ്ടായിരുന്ന എല്ലാ സൈനികരെയും ആസൂത്രിതമായി ഇല്ലാതാക്കി. ഇതോടെ ശത്രുക്കളുടെ ആകെ മരണസംഖ്യ 90 ആയി.” ബിഎൽഎ പ്രസ്താവനയിൽ കൂട്ടിച്ചേർക്കുന്നു.