വാഷിങ്ടൻ : സ്വകാര്യ ബഹിരാകാശയാത്രികനും ശതകോടീശ്വരനുമായ ജാറഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത യുഎസ്
പ്രസിഡന്റ് ഡോണൾഡ് ട്രംപ് . ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ബഹിരാകാശ ഏജൻസി നടത്തിയ ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രാ നടത്തത്തിൽ ജാറഡ് ഐസക്മാനും പങ്കെടുത്തിരുന്നു. ട്രംപിന്റെ ഏറ്റവും അടുത്ത അനുയായിയായ ജാറഡ്, ഇലോൺ മസ്‌കിന്റെ സുഹൃത്തു കൂടിയാണ്. ഇതോടെ ഐസക്മാന്റെ നിയമനം, വിവാദങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. 41വയസ്സുകാരനായ ഐസക്മാൻ യുഎസിലെ ‘ഷിഫ്റ്റ് 4 പേയ്മെന്റ് എന്ന പ്രമുഖ ഓൺലൈൻ പണമിടപാട് കമ്പനിയുടെ സിഇഒ കൂടിയാണ്.

‘‘പ്രമുഖ ബിസിനസ് നേതാവും മനുഷ്യസ്‌നേഹിയും ബഹിരാകാശയാത്രികനുമായ ജാറഡ് ഐസക്മാനെ നാസയുടെ അഡ്മിനിസ്‌ട്രേറ്ററായി നാമനിർദ്ദേശം ചെയ്യുന്നതിൽ ഞാൻ സന്തുഷ്ടനാണ്. നാസയെ വരും വർഷങ്ങളിൽ ബഹിരാകാശ ശാസ്ത്രം, സാങ്കേതികവിദ്യ,
പര്യവേക്ഷണം എന്നീ മേഖലയിൽ മികച്ച നേട്ടങ്ങളിലേക്ക് നയിക്കാൻ ജാറഡിന് സാധിക്കും. കഴിഞ്ഞ 25 വർഷമായി, ഷിഫ്റ്റ് 4 പേയ്മെന്റിന്റെ സ്ഥാപകനും സിഇഒയും എന്ന നിലയിൽ, അസാധാരണമായ നേതൃമികവാണ് ജാറഡ‍് പ്രകടമാക്കിയത്. ഒരു മികച്ച സാമ്പത്തിക സാങ്കേതിക കമ്പനിയെ രാജ്യാന്തര നിലവാരത്തിൽ അദ്ദേഹം കെട്ടിപ്പടുത്തു. ഡിഫൻസ് എയ്‌റോസ്‌പേസ് കമ്പനിയായ ഡ്രാക്കൻ ഇന്റർനാഷനലിന്റെ സഹസ്ഥാപകനും സിഇഒയുമായി അദ്ദേഹം ഒരു ദശാബ്ദത്തിലേറെയായി പ്രവർത്തിക്കുന്നു. “
“യുഎസ് പ്രതിരോധ വകുപ്പിന് മികച്ച പിന്തുണയാണ് ഈ കമ്പനിയിൽ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്നത്. ബഹിരാകാശത്തെ രഹസ്യങ്ങളോടും പ്രപഞ്ചത്തിൽ ഒളിച്ചിരിക്കുന്ന വിസ്മയങ്ങളോടുമുള്ള ജാറഡിനുള്ള അഭിനിവേശം നാസയെ ഒരു പുതിയ യുഗത്തിലേക്ക് നയിക്കാൻ സഹായിക്കും. ജാറഡിനും ഭാര്യ മോണിക്കയ്ക്കും അവരുടെ മക്കളായ മിലയ്ക്കും ലിവിനും അഭിനന്ദനങ്ങൾ.’’– ജാറഡിനെ നാസ തലപ്പത്തേക്ക് നിയോഗിച്ചു കൊണ്ടുള്ള എക്സ് കുറിപ്പിൽ ഡോണൾഡ് ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രഖ്യാപനത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് ജാറഡ് ഐസക്മാനും പ്രതികരിച്ചു. ‘‘നാസയുടെ അടുത്ത അഡ്മിനിസ്ട്രേറ്ററായി നിയോഗിച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിൽ അഭിമാനമുണ്ട്. ബഹിരാകാശ മേഖലയിൽ ഏററവും
അവിശ്വസനീയമായ സാഹസികതയ്ക്ക് നേതൃത്വം നൽകുന്ന യുഎസിന്റെ പ്രവർത്തനങ്ങളിൽ ഞാൻ ആവേശഭരിതനാണ്. രണ്ടാം ബഹിരാകാശ യുഗം ആരംഭിച്ചിട്ടേയുള്ളൂ. ബഹിരാകാശ മേഖലയിൽ സമാനതകളില്ലാത്ത മുന്നേറ്റത്തിന് യുഎസിന് സാധ്യതകളുണ്ട്.
ബഹിരാകാശ നാഗരികതയിലേക്ക് നയിക്കുന്ന യുഗമായിരിക്കും സംഭവിക്കുക. ഒരിക്കലും രണ്ടാം സ്ഥാനത്തേക്ക് നാസ മടങ്ങില്ല. കുട്ടികളെ സ്വപ്നം കാണാന്‍ ഞങ്ങൾ പ്രചോദിപ്പിക്കും. യുഎസിലെ ജനത ചന്ദ്രനിലും ചൊവ്വയിലും നടക്കുന്ന കാലം വിദൂരമല്ല. അംഗീകാരത്തിന് നന്ദി.’’ – ജാറഡ് എക്സിൽ കുറിച്ചു.
ലോകത്തിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കി ജാറഡ് ഐസക്മാൻ അടക്കമുള്ള നാല് യാത്രികരും സെപ്റ്റംബർ 15നാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. സ്‌പേസ് എക്‌സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിലായിരുന്നു ബഹിരാകാശ നടത്തം. അഞ്ചു ദിവസം നീണ്ടുനിന്ന ദൗത്യത്തെ ബഹിരാകാശ രംഗത്തെ വലിയ കുതിച്ചുചാട്ടം എന്നാണ് നാസ പ്രശംസിച്ചത്.