വാഷിംങ്ടൺ: ജന്മാവകാശ പൗരത്യ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് വീണ്ടും തിരിച്ചടി. ജന്മാവകാശ പൗരത്വം നിർത്തലാക്കാൻ നിർദ്ദേശിച്ച പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് ഫെഡറൽ അപ്പീൽ കോടതി തള്ളി. ഉത്തരവ് ഭരണഘടനയുടെ ലംഘനമാണെന്ന് ഒമ്പതാം സെർക്യൂട്ട് അപ്പീൽസ് കോടതിയുടെ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു. നേരത്തെ കീഴ്കോടതി തള്ളിയ വിധിക്കെതിരെയാണ് വൈറ്റ് ഹൗസ് അപ്പീൽ കോടതിയെ സമീപിച്ചത്.
അമേരിക്കൻ പ്രസിഡന്‍റ് പദത്തിൽ വീണ്ടുമെത്തിയതിന് പിന്നാലെയാണ് ജന്മാവകാശ പൗരത്വം നിർത്തലാക്കുമെന്നുള്ള ഡോണൾഡ് ട്രംപിന്‍റെ പ്രഖ്യാപനം വന്നത്. വിഷയത്തിൽ ട്രംപ് ഭരണകൂടം ഇനി സുപ്രീം കോടതിയെ സമീപിച്ചേക്കും.
ജന്മാവകാശ പൗരത്വം സംബന്ധിച്ച ഉത്തരവ് നടപ്പായാൽ താത്കാലിക ജോലിയിലോ ടൂറിസ്റ്റ് വിസയിലോ യുഎസിൽ താമസിക്കുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ കുട്ടികൾക്ക് ഇനി സ്വയമേവ അമേരിക്കൻ പൗരത്വം ലഭിക്കില്ല. നിലവിലുള്ള രീതി അനുസരിച്ച് അമേരിക്കൻ മണ്ണിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശമായി പൗരത്വം ലഭിക്കും. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായാണ് ഈ ജന്മാവകാശ പൗരത്വത്തിനും നിരോധനം ഏർപ്പെടുത്തിയത്.
അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഉത്തരവ് നടപ്പായാൽ അമേരിക്കൻ പൗരന്മാരുടെയും നിയമാനുസൃതം സ്ഥിരതാമസ അനുമതി ലഭിച്ചവരുടെയും മക്കൾക്ക് മാത്രമേ പൗരത്വം ലഭിക്കുകയുള്ളൂ.