മുംബൈ : മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, അഞ്ച് കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി മുംബൈയിൽ പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നുള്ള നേതാവായ വിനോദ് താവ്ഡെയെയാണ് മുംബൈ വിരാറിലെ ഒരു ഹോട്ടലിൽ നിന്ന് ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പിടികൂടിയത്.
ഹോട്ടലിൽ പണം വിതരണം ചെയ്യാനെത്തിയെന്നാരോപിച്ച് വിനോദ് താവ്ഡയെ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ തടഞ്ഞു വയ്ക്കുകയായിരുന്നു. വിനോദിന്റെ കയ്യിൽ നിന്ന് പണം കൈമാറാനുള്ള ആളുകളുടെ പേരു വിവരങ്ങളും കണ്ടെത്തിയതായി ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ പറയുന്നു.
വോട്ടർമാരെ സ്വാധീനിക്കാനാണ് പണവുമായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി തന്നെ നേരിട്ടെത്തിയെന്ന് ബഹുജൻ വികാസ് അഘാഡി (ബിവിഎ) പ്രവർത്തകർ ആരോപിച്ചു. വിനോദ് താവ്‌ഡെയെ പ്രവർത്തകർ തടഞ്ഞു വച്ചതോടെ വിരാറിൽ സംഘർഷാവസ്ഥ ഉണ്ടായി. താവ്‌ഡെയുടെ കൈവശമുണ്ടായിരുന്ന ബാഗിൽ 15 കോടി രൂപ വിതരണം ചെയ്യുന്നതായി പരാമർശിക്കുന്ന ഡയറി ഉണ്ടായിരുന്നുവെന്നും വിരാറിലെ ബിവിഎ എംഎൽഎ ഹിതേന്ദ്ര താക്കൂർ ആരോപിച്ചു.