ന്യൂഡൽഹി: ആംആദ്മി പാര്‍ട്ടിയെ തൂത്തെറിഞ്ഞ് ഡൽഹിയിൽ അധികാരം തിരിച്ച് പിടിച്ച് ബിജെപി. 27 വർഷത്തിന് ശേഷമാണ് ഇന്ദ്രപ്രസ്ഥത്തിൻ്റെ ഭരണത്തിലേക്ക് ബിജെപിയുടെ തിരിച്ച് വരവ്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ലീഡ് നില ആദ്യ ഘട്ടത്തിൽ മാറി മറിഞ്ഞെങ്കിലും പിന്നീട് ബിജെപിയുടെ തേരോട്ടമാണ് കണ്ടത്. ബിജെപി – 46, ആം ആദ്മി – 24, കോൺഗ്രസ് – 0 എന്നിങ്ങനെയാണ് കക്ഷിനില.
അധികാരം നഷ്ടപ്പെട്ടതിനോടൊപ്പം ആം ആദ്മി പാർട്ടിയുടെ പ്രമുഖ നേതാക്കൾക്കും അങ്കത്തട്ടിൽ അടിപതറി. ഡൽഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും മുൻ ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയയും തോറ്റു. അതേസമയം, നിലവിലെ മുഖ്യമന്ത്രി അതിഷി ജയിച്ചു. കൽക്കാജി മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി രമേഷ് ബിധൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്.
ബിജെപി ഡൽഹിയിൽ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ച തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ബിജെപി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്നാണറിയുന്നത്. ബിജെപി ഡൽഹി അദ്ധ്യക്ഷനുമായി ജെപി നദ്ദ ചര്‍ച്ച നടത്തി. ഡൽഹി മുഖ്യമന്ത്രിയെ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി ഡൽഹി അദ്ധ്യക്ഷന്‍ പ്രതികരിച്ചു.
തെരഞ്ഞെടുപ്പ് പരാജയം സമ്മതിച്ച് മുൻ മുഖ്യമന്ത്രിയും എ എ പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ രംഗത്തെത്തി. ക്രിയാത്മക പ്രതിപക്ഷം ആയിരിക്കുമെന്ന് കെജ്രിവാൾ വ്യക്തമാക്കി. ബിജെപി വാഗ്ദാനങ്ങൾ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കെജ്രിവാൾ പറഞ്ഞു.
ഡല്‍ഹിയിലെ വിജയത്തോടെ ഇന്ത്യയിലെ 19 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളും ബിജെപി നിയന്ത്രണത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിൽ കോൺഗ്രസും ജെഎംഎം-കോണ്‍ഗ്രസ്സ് കൂട്ടുകെട്ട് ഝാര്‍ഖണ്ഡിലും തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലും ഡിഎംകെ തമിഴ്‌നാട്ടിലും എല്‍ഡിഎഫ് കേരളത്തിലും നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മുകശ്മീരിലും പഞ്ചാബില്‍ എഎപിയും അധികാരം കൈയ്യാളുന്നു.
1993ലാണ് ഡല്‍ഹിയില്‍ ബിജെപി ആദ്യമായി ഭരണത്തിലേറുന്നത്. അഞ്ചു വർഷത്തിന് ശേഷം 1998 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഡല്‍ഹി ബിജെപിയെ കൈവിടുകയും ചെയ്തു. 49 സീറ്റില്‍ നിന്ന് 17 സീറ്റിലേക്ക് ബിജെപി തകർന്നടിഞ്ഞു. 14 നിന്ന് 52 സീറ്റ് നേടി കോൺഗ്രസ് ഭരണം തിരിച്ച്പിടിച്ചു. 1998 മുതല്‍ 2013 വരെ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് അധികാരം രാജ്യതലസ്ഥാനത്ത് ഭരണം നിലനിർത്തി.
ദേശീയതലത്തില്‍ യുപിഎ സര്‍ക്കാര്‍ അഴിമതി ആരോപണങ്ങളുടെ പേരിലും കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതികളുടെ പേരില്‍ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ഭരണവും ആടിയുലഞ്ഞ് നില്‍ക്കുന്ന സമയത്താണ്അ പ്രതീക്ഷിതമായി അരവിന്ദ് കെജ്‌രിവാളെന്ന പേര് ഡൽഹി കേട്ടുതുടങ്ങുന്നത്. കോണ്‍ഗ്രസ്സും ബിജെപിയും ആ പേരിനത്ര പ്രാധാന്യം ആദ്യം കൽപ്പിച്ചു നൽകിയില്ലെങ്കിലും അവരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടായിരുന്നു കെജ്രിവാളിൻ്റെ രംഗപ്രവേശം. ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് ബദലായി ഉയർനുവന്ന ബിജെപി ഡല്‍ഹിയിലും ഭരണം പിടിക്കുമെന്ന് ഉറപ്പിച്ച് ആത്മവിശ്വാസം കൊണ്ടു നടന്ന സമയം. എന്നാൽ, 2013ല്‍ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ കെജ്രിവാളിൻ്റേയും ആം ആദ്മി പാർട്ടിയുടെയും കുതിപ്പ് കണ്ട് ഞെട്ടിപ്പോയി ബിജെപിയും കോൺഗ്രസും.
കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞപ്പോൾ ഭരണം കൈയ്യെത്തുംദൂരത്ത് പ്രതീക്ഷിച്ച ബിജെപിക്ക് 31 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ സാധിച്ചെങ്കിലും അധികാരത്തിലേറാനായില്ല. അഴിമതിക്കെതിരായ സമരങ്ങളിലൂടെ ഡല്‍ഹിയുടെ പുതിയ രാഷ്ട്രീയമുഖമായി മാറിയ അരവിന്ദ് കെജ്‌രിവാളിന് മുന്നില്‍ ബിജെപിക്ക് കാലിടറി. ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ 8 സീറ്റുള്ള കോണ്‍ഗ്രസ് എഎപിക്ക് പുറത്തുനിന്ന് പിന്തുണ നൽകി. അങ്ങനെ 28 സീറ്റ് നേടിയ രണ്ടാമത്തെ വലിയ കക്ഷിയായ എഎപി ചരിത്രം തിരുത്തി ഇന്ദ്രപ്രസ്ഥത്തിൻ്റെ ഭരണചക്രം തിരിക്കാൻ നിയോഗിക്കപ്പെട്ടു.
എന്നാല്‍ വെറും രണ്ടുവര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയിലെ എഎപി സര്‍ക്കാര്‍ നിലംപൊത്തി. പക്ഷെ അത് കെജ്രിവാളിൻ്റെയും ആം ആദ്മിയുടെയും വളർച്ചയുടെ പുതിയ ഊർജ്ജമാകുന്നതാണ് രാജ്യം കണ്ടത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്രമോദിയിലൂടെ ബിജെപി ഒറ്റയ്ക്ക് രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തിരിക്കുന്ന സമയമായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിലാകട്ടെ ആകെയുള്ളെ 7 സീറ്റും ബിജെപി തൂത്തുവാരുകയും ചെയ്തിരുന്നു. എന്നിട്ടും ഇരു മുന്നണികളെയും നിലംപരിശാക്കിക്കൊണ്ടായിരുന്നു കെജ്‌രിവാളിന്റെ ഉയിർത്തെഴുന്നേൽപ്പ്.
ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസ് ഡല്‍ഹി നിയമസഭയില്‍ നിന്ന് പുറത്താക്കപ്പെട്ടു. വെറും മൂന്ന് സീറ്റിൽ ബിജെപി ഒതുങ്ങി. കെജ്റിവാളിലൂടെ പ്രതിപക്ഷമില്ലാത്ത ഒരു സര്‍ക്കാർ ഡല്‍ഹിയിൽ അധികാരത്തിലേറി. അഞ്ചുവര്‍ഷം തികച്ച് ഭരിച്ച് 2020 ല്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ട അരവിന്ദ് കെജ്‌രിവാളിനെ ജനം വീണ്ടും വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചു. 70 സീറ്റില്‍ 62 ലും എഎപി തന്നെ ജയിച്ചു. 2015 നെ അപേക്ഷിച്ച് അഞ്ച് സീറ്റ് അധികം നേടി ബിജെപി നിലമെച്ചപ്പെടുത്തി. കോൺഗ്രസ് അപ്പോഴും നിയമസഭക്ക് പുറത്ത് തന്നെ അധികാരത്തിലെത്താനുള്ള ബിജെപിയുടെ സ്വപ്നങ്ങൾ അപ്പോഴും വൃഥാവിലായി. ഒടുവിൽ 2024 ൽ 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ അധികാരം പിടിച്ചു. അഴിമതിയെ തൂത്തെടുക്കാന്‍ ചൂലെടുത്ത എഎപിയും കെജ്രിവാളും അഴിമതിയുടെ പേരിൽ തന്നെ അധികാരത്തിന് പുറത്തുപേകേണ്ടി വന്നുവെന്നതും മറ്റൊരു കൗതുകം.