മുംബൈ : മഹാരാഷ്ട്ര മന്ത്രിസഭ രൂപീകരണത്തില്‍ തുടരുന്ന അനശ്ചിതത്വം
നീക്കാനായി ശ്രീകാന്ത് ഷിൻഡെയിലൂടെ ഒരു മറുമരുന്നിടാനൊരുങ്ങുകയാണ് ബിജെപി. മഹായുതി സഖ്യം മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷം നേടി വിജയിച്ചിട്ടും മന്ത്രിസഭ രൂപീകരണത്തില്‍ ഇതുവരെയും അന്തിമ തീരുമാനം ഉണ്ടാവാത്തതിന് കാരണം ഏക്‌നാഥ് ഷിന്‍ഡെ മുന്നോട്ടുവെച്ച ആവശ്യമാണ്. മുഖ്യമന്ത്രി പദം രണ്ടര വര്‍ഷമായി പങ്കിടണമെന്നതായിരുന്നു ഏക്‌നാഥ് ഷിന്‍ഡെ ഉന്നയിച്ച ഡിമാൻ്റ്. എന്നാൽ മുന്നണിയില്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപിക്ക് മുഖ്യമന്ത്രി പദം അങ്ങിനെ പങ്കിടാൻ ഒരുക്കമല്ല, ഒപ്പം ഷിന്‍ഡെയെ ഈ ഘട്ടത്തിൽ വെറുപ്പിക്കാനും. പിന്നെ കണ്ട പോംവഴിയാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡയെ ഉപമുഖ്യമന്ത്രി സ്ഥാനത്തെത്തിക്കുക എന്നത്.
പുതിയ ഫോർമുലയിൽ ഏക്‌നാഥ് ഷിന്‍ഡെ ബിജെപിയ്ക്ക് വഴങ്ങിയതായാണ് ഉള്ളറകളിൽ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സമവായം വിജയിച്ചാൽ മുഖ്യമന്ത്രി പദവി പ്രഖ്യാപനവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അന്തിമ തീരുമാനവും ഉടൻ എടുക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായും അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ പറയുന്നത്.