കൊച്ചി : ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂർ
പോലീസ് കസ്റ്റഡിയിൽ. ലൈംഗികാധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്ത പശ്ചാത്തലത്തിലാണ് കൊച്ചി സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിനെ ഇന്നു തന്നെ അന്വേഷണ സംഘം കൊച്ചിയിൽ എത്തിക്കും. കേസ് അന്വേഷിക്കാൻ എറണാകുളം സെൻട്രൽ പൊലീസ് എസിപി സി. ജയകുമാറിന്റെ നേതൃത്വത്തിൽ നിയോഗിക്കപ്പെട്ട പ്രത്യേകാന്വേഷണ സംഘമാണ് ബോബിയെ കസ്റ്റഡിയിൽ എടുത്തത്.
ബോബി ചെമ്മണൂരിനെതിരെ നടി ഹണി റോസ് എറണാകുളം സെൻട്രൽ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ ഭാരതീയ ന്യായസംഹിതയിലെ 75(4) വകുപ്പു പ്രകാരവും ഇലക്ട്രോണിക് മീഡിയയിലൂടെ അശ്ലീല പരാമർശം നടത്തുന്നതിനെതിരെ ഐടി ആക്ടിലെ 67 വകുപ്പു പ്രകാരവുമാണു കേസ് റജിസ്റ്റർ ചെയ്തത്. ഓഗസ് 7ന് ബോബി ചെമ്മണൂരിന്റെ കണ്ണൂർ ആലക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് ക്ഷണിച്ചപ്പോൾ നേരിട്ട ലൈംഗികാധിക്ഷേപവും തുടർന്ന് പല വേദികളിലും ബോബി ചെമ്മണ്ണൂരിൻ്റെ അശ്ലീലഭാഷണത്തിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളും പരാതിയിൽ ഹണി റോസ് ബോധിപ്പിച്ചിരുന്നു.