ന്യൂഡൽഹി : ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഇന്ത്യൻ വിമാനങ്ങൾക്കുനേരെ വ്യാജ ബോംബ് ഭീഷണിയുയർത്തിയ പത്തോളം സമൂഹമാധ്യമ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്ത് സുരക്ഷാ ഏജൻസികൾ. ഇതുവരെ 10 അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തുവെന്നാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തത്. എക്സ് പ്ലാറ്റ്ഫോമിലുള്ള അക്കൗണ്ടുകളാണ് ഇതിൽ ഭൂരിഭാഗവും.
പൊതുവായി ഭീഷണികളുടെയെല്ലാം വാക്കുകളും വാചകങ്ങളും തമ്മിൽ സാമ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. സമൂഹമാധ്യമങ്ങളിലും ഡാർക്ക് വെബിലും നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ഏജൻസികൾ അറിയിച്ചു. ഈ അക്കൗണ്ടുകൾ എവിടെനിന്നാണ് പ്രവർത്തിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങളിലും കൂടുതൽ അന്വേഷണം നടക്കുന്നു.
തിങ്കളാഴ്ച മുതൽ 24 ഇന്ത്യൻ വിമാനക്കമ്പനികളുടെ സർവീസുകളുടെ നേർക്ക് ഇത്തരം വ്യാജ ബോംബ് ഭീഷണി ഉണ്ടായിട്ടുണ്ട്. ഭീഷണികൾ വ്യാജമാണെങ്കിലും അല്ലെങ്കിലും ഓരോ ഭീഷണി ഉയർന്ന് വരുമ്പോഴും സ്വീകരിക്കേണ്ട സുരക്ഷാ നടപടികൾ കാരണം വിമാനത്താവളങ്ങളിലും യാത്രക്കാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്.